27 May, 2023 07:38:27 PM
അതിരമ്പുഴ ഗ്രാമപഞ്ചായത്ത് എം.ജി. സർവകലാശാല സഹകരണത്തോടെ പദ്ധതികൾ ആരംഭിക്കും
ഏറ്റുമാനൂർ: എം.ജി. സർവകലാശാലയുടെ സഹകരണത്തോടെ വിവിധ പദ്ധതികൾ ആരംഭിക്കാനൊരുങ്ങി അതിരമ്പുഴ ഗ്രാമപഞ്ചായത്ത്. പ്രാരംഭപ്രവർത്തനങ്ങളുടെ ഭാഗമായി എം.ജി സർവകലാശാലയിൽ നടന്ന ചടങ്ങിൽ അതിരമ്പുഴ ഗ്രാമപഞ്ചായത്തും സർവകലാശാലയും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
എം.ജി സർവകലാശാല വൈസ് ചാൻസിലർ ഡോ. സാബു തോമസ്, രജിസ്ട്രാർ ഡോ. ബി. പ്രകാശ്കുമാർ, പഞ്ചായത്ത് സൂപ്രണ്ട് രമ്യാ സൈമൺ എന്നിവർ കരാറിൽ ഒപ്പുവച്ചു. ഗ്രാമപഞ്ചായത്തിലെ പത്താം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്കു സർവകലാശാല ലൈബ്രറി ഉപയോഗിക്കാൻ പദ്ധതി വഴിയൊരുക്കും.
മദ്യം, മയക്കുമരുന്ന് തുടങ്ങിയ സാമൂഹിക വിപത്തുകളെ പറ്റിയുള്ള അവബോധം പുതു തലമുറയിലേക്ക് എത്തിച്ചു കൊടുക്കുവാനും അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകർക്ക് തങ്ങളുടെ ഭാവി ജീവിതം കരുപിടിപ്പിക്കാനുള്ള മാർഗനിർദേശപദ്ധതികൾ ആവിഷ്‌കരിക്കാനും
പദ്ധതി ലക്ഷ്യമിടുന്നത്.
അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ പൗരാണികവും ചരിത്രപരവുമായ സ്ഥലങ്ങളും സ്മാരകങ്ങളും സ്തൂപങ്ങളും സംരക്ഷിക്കാനും പുതിയ സംരംഭകർക്ക് സ്റ്റാർട്ട് അപ് പദ്ധതികൾ എളുപ്പത്തിൽ നടപ്പാക്കാനും ആരോഗ്യരംഗത്തും പാലിയേറ്റീവ് പ്രവർത്തനങ്ങളിലും പദ്ധതികൾ ആവിഷ്‌കരിക്കാനും, റിസോഴ്സ് മാപ്പിങ്, മാലിന്യ നിർവഹണ സംവിധാനം, അതിരമ്പുഴയിലെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങൾ കൂട്ടിയിണക്കി തീർഥാടന ടൂറിസം എന്നി പദ്ധതികൾ വിഭാവനം ചെയ്യാനും ലക്ഷ്യമിടുന്നു.
അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സജി തടത്തിൽ, വൈസ് പ്രസിഡന്‍റ് ആലീസ് ജോസഫ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ ജെയിംസ് തോമസ്, ഫസീന സുധീർ, ഹരിപ്രകാശ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സർവകലാശാലയിലെ വിവിധ വകുപ്പ് മേധാവികൾ, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു