26 May, 2023 06:24:08 PM


ശ്രീഹരിക്ക് ഇനി വീട്ടിലിരുന്ന് ടിവി കാണാം; സമ്മാനവുമായി മന്ത്രി വി.എന്‍ വാസവന്‍



കോട്ടയം: പൂ ചോദിച്ചു പൂക്കാലം കിട്ടിയ സന്തോഷത്തിലാണ് ചലനശേഷി നഷ്ടപ്പെട്ട യു.പി. സ്‌കൂൾ വിദ്യാർഥിയായ ശ്രീഹരി. സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പുത്തൻ സ്മാർട്ട് ടിവി സമ്മാനവുമായി വീട്ടിൽ വന്നതിന്റെ ആഹ്‌ളാദത്തിലും അമ്പരപ്പിലുമാണ് കോട്ടയം പാറമ്പുഴ സ്വദേശിയായ അജിത്കുമാറിന്റെയും പ്രീതയുടെയും മകൻ ശ്രീഹരി.


പുത്തേറ്റ് സർക്കാർ യു.പി. സ്‌കൂളിലെ വിദ്യാർഥിയാണ് ശ്രീഹരി. സ്‌കൂളിൽ ഒപ്പമുള്ളവർ പരിഹസിക്കുന്നു, പരാതി പറഞ്ഞിട്ട് ആരും പരിഗണിക്കുന്നില്ല എന്ന പരാതിയുമായാണ് ചലനശേഷിയില്ലാത്ത ശ്രീഹരിയെയും എടുത്തുകൊണ്ടു അമ്മ പ്രീതി മേയ് രണ്ടിന് കോട്ടയത്തു നടന്ന താലൂക്ക് അദാലത്തിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവനു മുന്നിലെത്തിയത്. പരിഹാരമുണ്ടാക്കാം എന്ന് ഉറപ്പുനൽകിയാണ് മന്ത്രി ശ്രീഹരിയേയും അമ്മ പ്രീതിയേയും മടക്കി അയച്ചത്. ശ്രീഹരിയുടെ പരാതി ഗൗരവമായി പരിഗണിച്ചു വേണ്ട നടപടി എടുക്കണമെന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതരോടും സ്‌കൂൾ അധികൃതരോടും മന്ത്രി അന്നു തന്നെ നിർദേശിച്ചിരുന്നു.


ശ്രീഹരിക്ക് വികലാംഗ കോർപറേഷനിൽ നിന്ന് വീൽചെയറും ലഭ്യമാക്കിയിരുന്നു. ഇതിനിടെയാണ് ശ്രീഹരിയുടെ വീട്ടിൽ ടീവി പോലും ഇല്ലെന്ന് മന്ത്രി വി.എൻ. വാസവൻ അറിഞ്ഞത്.  ഇന്നലെ ഉച്ചയോടെ പാറമ്പുഴ വനംവകുപ്പ് ഓഫീസിനു സമീപമുള്ള ശ്രീഹരിയുടെ വീട്ടിലെത്തിയ മന്ത്രി വി.എൻ. വാസവൻ പുത്തൻ ടിവിയാണ് സമ്മാനിച്ചത്. ഏറെ നേരം ശ്രീഹരിക്കൊപ്പം ചെലവഴിച്ച മന്ത്രി വാർത്താചാനലിൽ ശ്രീഹരിയുടെ ദൃശ്യങ്ങൾ വന്നതു പുത്തൻ ടിവിയിൽ കാട്ടിക്കൊടുത്തശേഷമാണ് മടങ്ങിയത്. കേരളാ വിഷന്റെ നേതൃത്വത്തിൽ ശ്രീഹരിയുടെ വീട്ടിൽ സൗജന്യമായി കേബിൾ കണക്ഷനും നൽകിയിട്ടുണ്ട്.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K