26 May, 2023 04:28:15 PM
മുപ്പതോളം കുട്ടികളെ ബലാത്സംഗത്തിനിരയാക്കിയ കേസിൽ യുവാവിന് ജീവപര്യന്തം
ന്യൂഡല്‍ഹി: മുപ്പതോളം കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനരയാക്കിയെന്ന കേസിൽ യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. രവീന്ദർ കുമാർ എന്ന യുവാവിനെയാണ് ഡല്‍ഹി രോഹിണി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
2008 നും 2015 നും ഇടയിൽ ഏഴ് വർഷത്തിനുള്ളിലാണ് പ്രതി 30 കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതെന്ന് പൊലീസ് കോടതിയിൽ വ്യക്തമാക്കി. ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് രവീന്ദർ കുമാർ പൊലീസിന്‍റെ പിടിയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂര കൊലപാതകങ്ങളുടെ വിവരങ്ങള്‍ പുറത്ത് വന്നത്.
ഉത്തർപ്രദേശിലെ കാസ്ഗഞ്ച് സ്വദേശിയായ കുമാർ 2008-ൽ തന്‍റെ 18-ാം വയസ്സിൽ ആണ് ഡല്‍ഹിയിലെത്തുന്നത്. ഇയാള്‍ മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. മയക്കുമരുന്നിന് പുറമേ ലൈംഗികതയും ഇയാള്‍ക്ക് ലഹരിപോലെ ആയിരുന്നുവെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
ഡല്‍ഹിയിലെ ഒരു ചേരിയിലായിരുന്നു രവീന്ദർ താമസിച്ചിരുന്നത്. പകല്‍ വിവിധ ജോലികള്‍ ചെയ്തിരുന്ന ഇയാള്‍ രാത്രി ലഹരി ഉപയോഗിച്ച് ബോധമില്ലാത്ത അവസ്ഥയിലാകും. തുടർന്നാണ് പ്രതി കുട്ടികളെ തേടിയിറങ്ങുന്നത്.