24 May, 2023 02:05:02 PM
ബോളിവുഡ് താരം നിതേഷ് പാണ്ഡെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ
മുംബൈ: ബോളിവുഡ് താരം നിതേഷ് പാണ്ഡെയെ (51) ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നാസിക്കിനു സമീപം ഇഗ്താപുരിയില്‍ ഷൂട്ടിങ്ങിനെത്തിയ പാണ്ഡെ താമസിച്ച ഹോട്ടലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നുവെന്ന് ഇദ്ദേഹം സഹായിയെ വിളിച്ച് അറിയിച്ചിരുന്നു. മുറി തുറന്നു നോക്കുമ്പോൾ നിതേഷ് പാണ്ഡെയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ട് റിപ്പോർട്ട് വന്നതിന് ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
അര്‍പിതയാണു നിതേഷ് പാണ്ഡെയുടെ ഭാര്യ. അര്‍പിതയുടെ സഹോദരന്‍ സിദ്ധാര്‍ഥ് ആണ് മരണവാര്‍ത്ത പുറത്തുവിട്ടത്. അതേസമയം നിതേഷ് പാണ്ഡെയെക്ക് ഹൃദയസംബന്ധമായ അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് സഹോദരൻ അറിയിച്ചു. മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചിട്ടുണ്ട്. ഇതോടെ ഹോട്ടൽ ജീവനക്കാരെയും നടനുമായി അടുപ്പമുള്ളവരെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. നിതേഷ് പാണ്ഡെയുടെ മൊബൈൽ ഫോണും പൊലീസ് പരിശോധിച്ചുവരികയാണ്.
നാടകത്തിലൂടെ കലാരംഗത്തെത്തിയ നിതേഷ് പിന്നീട് സിനിമാ, സീരിയല്‍ രംഗത്ത് സജീവായി. ഓം ശാന്തി ഓം എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനൊപ്പം അഭിനയിച്ചിട്ടുണ്ട്. ബദായി ഹോ, ശാദി കേ സൈഡ് എഫക്ട്‌സ്, രംഗൂണ്‍, ഹോസ്ല കാ ഘോസ്ല തുടങ്ങിയ സിനിമകളിലും നിതേഷ് പാണ്ഡെ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.