23 May, 2023 02:46:14 PM


പിന്‍വലിച്ച 2,000 രൂപാ നോട്ടുകള്‍ ഇന്നുമുതല്‍ മാറ്റിയെടുക്കാം



ന്യൂഡല്‍ഹി: പിന്‍വലിച്ച 2,000 രൂപാ നോട്ടുകള്‍ ഇന്ന് മുതല്‍ ബാങ്കുകളില്‍ നല്‍കി മാറ്റിയെടുക്കാം. നോട്ട് മാറാന്‍ എത്തുന്നവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

നോട്ടുമാറുന്നതിനായി ബ്രാഞ്ചിലെത്തുന്ന ഉപഭോക്താക്കള്‍ ഐഡന്‍റിററി പ്രൂഫോ, പ്രത്യേക അപേക്ഷോ ഫോമോ പൂരിപ്പിച്ച് നല്‍കേണ്ടതില്ലെന്നാണ് എസ്ബിഐ അറിയിപ്പിലുള്ളത്. 

ഫോം നല്‍കാതെ തന്നെ ഒരേ സമയം 20,000 രൂപ വരെ മാറ്റാമെന്നും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വിശദീകരണം നല്‍കി. 'ക്ലീന്‍ നോട്ട്' നയം യാഥാര്‍ത്ഥ്യമാകുന്നതോടെ വിപണിയിലും ഇതിന്റെ പ്രതിഫലനം ഇന്നുമുതല്‍ കണ്ടുതുടങ്ങുമെന്നാണ് വിലയിരുത്തല്‍.

വെള്ളിയാഴ്ചയാണ് 2000 രൂപയുടെ ഇന്ത്യന്‍ കറന്‍സി റിസര്‍വ് ബാങ്ക് പിന്‍വലിച്ചത്. 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തിവച്ചതായി ആര്‍ബിഐ വാര്‍ത്താക്കുറിപ്പിലാണ്അറിയിച്ചത്. 2000 ത്തിന്‍റെ നോട്ടുകള്‍ ഇനി വിതരണം ചെയ്യരുതെന്ന് ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കി. 

നോട്ടുകള്‍ പിന്‍വലിക്കുന്നതിന്‍റെ ഭാഗമാണ് ബാങ്കുകളോട് 2000 രൂപയുടെ കറന്‍സി വിതരണം ചെയ്യുന്നത് നിര്‍ത്തിവെക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയത്. നിലവില്‍ കയ്യിലുള്ള നോട്ടുകള്‍ക്ക് നിയമ സാധുത സെപ്റ്റംബര്‍ 30 വരെ തുടരുമെന്നും റിസര്‍വ് ബാങ്കിന്‍റെ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

മെയ് 23 മുതല്‍ നോട്ടുകള്‍ ബാങ്കിലെത്തി മാറ്റാം. സെപ്റ്റംബര്‍ 30 തിന് മുമ്പ് ജനങ്ങളുടെ കൈവശമുള്ള 2000 രൂപയുടെ നോട്ടുകളെല്ലാം തിരികെ ബാങ്കുകളിലേല്‍പ്പിക്കണം. ഒരാള്‍ക്ക് ഒറ്റത്തവണ 20,000 രൂപ മാത്രമേ ബാങ്കില്‍ നല്‍കി മാറ്റിയെടുക്കാന്‍ സാധിക്കുകയുള്ളുവെന്നും ആര്‍ബിഐ നിര്‍ദേശങ്ങളിലുണ്ട്. 

ചൊവ്വാഴ്ച മുതല്‍ ബാങ്കുകളില്‍ നിന്നും 2000 രൂപ മാററിയെടുക്കാമെന്ന തീരുമാനത്തിന് പിന്നാലെയാണ് നോട്ട് മാറ്റിയെടുക്കാന്‍ തിരിച്ചറിയല്‍ രേഖയോ, അപേക്ഷാ ഫോമോ ആവശ്യമില്ലെന്ന് എസ്ബിഐ വ്യക്തമാക്കിയിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K