20 May, 2023 05:00:33 PM


തമിഴ്നാട് സ്വദേശി വാഹനമിടിച്ച് മരിച്ച സംഭവത്തിൽ വഴിത്തിരിവ്; ഇടിച്ചത് മിന്നൽ ബസ്



കോട്ടയം: പാലാ കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം ഇതര സംസ്ഥാന തൊഴിലാളി വാഹനമിടിച്ച് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. അപകടത്തിന് കാരണമായത് കെഎസ്ആർടിസിയുടെ മിന്നൽ ബസാണെന്ന് പാലാ പൊലീസ് കണ്ടെത്തി.

ഇടിച്ച വാഹനം ഏതെന്ന് അറിയാഞ്ഞതിനെ തുടർന്ന് അമ്പതിലേറെ വാഹനങ്ങളിൽ ഫൊറൻസിക് പരിശോധന നടത്തിയാണ് ഒടുവിൽ പാലാ ഡിപ്പോയിലെ എടിസി 233 നമ്പർ മിന്നൽ ബസാണെന്ന് അപകടമുണ്ടാക്കിയതെന്ന് സ്ഥിരീകരിച്ചത്. ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു. അപകടം നടന്ന വിവരം ഡ്രൈവർ അറിഞ്ഞിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. 

ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് തമിഴ്നാട് സ്വദേശി മഹാലിംഗം പാലാ സ്റ്റാന്‍റിന് സമീപത്ത് വാഹനം ഇടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. വലിയ വാഹനമാണ് മഹാലിംഗത്തെ ഇടിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പാലാ സ്റ്റാന്‍റിലേക്ക് വന്നതും സ്റ്റാന്‍റിൽ നിന്നും പോയതുമായ എല്ലാ ബസുകളിലും പരിശോധന നടത്തി. ഈ സമയത്ത് കാസർകോടേക്ക് സർവ്വീസ് നടത്തിയ മിന്നൽ ബസിൽ പരിശോധന നടത്താൻ കഴിഞ്ഞിരുന്നില്ല. ബസ് തിരികെ പാലാ ഡിപ്പോയിലെത്തിയ ശേഷം നടത്തിയ ഫൊറൻസിക് പരിശോധനയിലാണ് ടയറിൽ രക്തത്തിന്റെ അംശം കണ്ടെത്തിയത്. ബസിന്‍റെ പിന്നിലുള്ള ടയറാണ് കയറിയത്. റോഡിൽ അശ്രദ്ധമായ നിലയിൽ കിടന്ന ആൾ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല, ഇതാണ് അപകടത്തിലേക്ക് നയിച്ചത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K