20 May, 2023 11:39:57 AM


കാട്ടുപോത്ത് ആക്രമണത്തിനെതിരെ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചവർക്കെതിരെ കേസ്



കോട്ടയം: എരുമേലി കണമലയിൽ കാട്ടുപോത്ത് ആക്രമണത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്. വഴിതടയൽ, ഗതാഗതം തടസപ്പെടുത്തൽ അടക്കമുള്ള വകുപ്പുകൾ പ്രകാരം കണ്ടാലറിയാവുന്ന 45 പേർക്കെതിരെയാണ് എരുമേലി പൊലീസ് കേസെടുത്തത്.

ഇന്നലെ രാവിലെ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ എരുമേലി കണമലയിൽ പുറത്തേൽ ജേക്കബ് തോമസ് (ചാക്കോച്ചൻ -69), അയൽവാസി പ്ലാവനാക്കുഴി തോമസ് ആന്‍റണി (തോമാച്ചൻ -62) എന്നിവരാണ് മരിച്ചത്. ഇതേ തുടർന്ന് വൻ പ്രതിഷേധവുമായി സംഘടിച്ച നാട്ടുകാർ ശബരിമലപാത മണിക്കൂറുകളോളം ഉപരോധിച്ചിരുന്നു.

കാഞ്ഞിരപ്പള്ളി ഡിവൈ എസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും പ്രതിഷേധം തണുപ്പിക്കാന്‍ കഴിഞ്ഞില്ല. കളക്ടർ എത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്കു നേരെയും കനത്ത പ്രതിഷേധമുയർന്നു.

ഇന്നലെ രാവിലെ കണമല അട്ടിവളവിൽ ശബരിമല പാതയോട് ചേർന്നാണ് കാട്ടുപോത്തിന്‍റെ ആക്രമമുണ്ടായത്. വീട്ടുമുറ്റത്തിരിക്കവെയാണ് കർഷകനായ ചാക്കോച്ചനെ കാട്ടുപോത്ത് ആക്രമിച്ചത്. വയറിന് കുത്തേറ്റ ഇയാൾ നിലവിളിച്ചതോടെ ഓടിയെത്തിയ നാട്ടുകാർ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

റബർ തോട്ടത്തിൽ ടാപ്പിങ് നടത്തുന്നതിനിടെയാണ് തോമസിന് കുത്തേറ്റത്. തോമസിനെ ആക്രമിച്ചശേഷം ചാക്കോച്ചന്‍റെ വീടിന് സമീപത്തേക്ക് ഓടിയെത്തിയതാണ് പോത്തെങ്കിലും തോമസിനെ ആക്രമിച്ചത് ആദ്യം ആരും അറിഞ്ഞിരുന്നില്ല. വയറിന് കുത്തേറ്റ തോമസ് സഹോദരനെ ഫോൺ വിളിച്ച് രക്ഷിക്കണമെന്ന് പറഞ്ഞ് കരഞ്ഞു. ഉടൻ സഹോദരനും പ്രദേശവാസികളും ചേർന്ന് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രാവിലെ 10.30 ഓടെ മരിച്ചു.

വനമേഖലയോട് ചേർന്നുകിടക്കുന്ന പ്രദേശമാണിത്. ഇവരെ കുത്തിയശേഷം സമീപവീടുകൾക്ക് അരികിലൂടെ കടന്നുപോയ പോത്ത് വനത്തിലേക്ക് മടങ്ങിയെന്നാണ് വനംവകുപ്പിന്‍റെ വിലയിരുത്തൽ. കാട്ടുപോത്തിനെ ഇവിടെ ആദ്യമായാണ് കാണുന്നതെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരുടെ പ്രതിഷേധം ഉയർന്നതിന് പിന്നാലെ ആക്രമിച്ച കാട്ടുപോത്തിനെ കണ്ടാലുടൻ വെടിവെക്കാൻ ജില്ലാകളക്ടർ ഉത്തരവിട്ടിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K