17 May, 2023 12:43:06 PM


അസമിലെ 'ലേഡി സിങ്കം' സബ് ഇൻസ്പെക്ടർ ജുൻമോനി രാഭ കാറപകടത്തിൽ കൊല്ലപ്പെട്ടു



നഗോൺ: അസമിൽ വനിതാ സബ് ഇൻസ്പെക്ടർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം. ചൊവ്വാഴ്ച്ചയാണ് 'ലേഡ‍ി സിങ്കം' എന്ന് വിശേഷണമുള്ള സബ് ഇൻസ്പെക്ടർ ജുൻമോനി രാഭ (30)വാഹനാപകടത്തിൽ മരിച്ചത്. 

ജുൻമോനി സഞ്ചരിച്ച കാർ കണ്ടെയ്നർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അസമിൽ കുറ്റവാളികൾക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് വാർത്തകളിൽ ഇടം നേടിയ ഉദ്യോഗസ്ഥയാണ് ജുൻമോനി.

നഗോൺ ജില്ലയിൽ പുലർച്ചെ 2.30 ഓടെയായിരുന്നു അപകടം. സ്വകാര്യ വാഹനത്തിൽ ജുൻമോനി തനിച്ചായിരുന്നു ഉണ്ടായിരുന്നത്. അപകട സമയത്ത് ഇവർ യൂണിഫോമിലായിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ ജുൻമോനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉത്തർപ്രദേശിൽ നിന്നും വരികയായിരുന്ന ട്രക്കാണ് കാറിൽ ഇടിച്ചത്. അപകടം നടന്ന സ്ഥലത്തു നിന്നും ട്രക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
‌‌
മോറിക്കോലോംഗ് പോലീസ് ഔട്ട്‌പോസ്റ്റിലായിരുന്നു ജുൻമോനി സേവനം അനുഷ്ഠിച്ചിരുന്നത്. അപകടത്തിൽ ജുൻമോനിയുടെ കുടുംബം ദുരൂഹത ആരോപിച്ച് രംഗത്തെത്തി. കുടുംബത്തിന്‍റെ പരാതിയിൽ കേസന്വേഷണം സിഐഡിക്ക് കൈമാറിയതായി അസം ഡിജിപി അറിയിച്ചു.
‌‌
‌2022 ജനുവരിയിൽ ബിഹ്പുരിയയിൽ നിന്നുള്ള ബിജെപി എംഎൽഎ അമിയ കുമാർ ഭൂയാനുമായുള്ള ടെലിഫോൺ സംഭാഷണം ചോർന്നതോടെയാണ് 'ലേഡി സിങ്കം' ജുൻമോനി രാഭ വാർത്തകളിൽ ഇടംനേടിയത്. ചോർന്ന ഓഡിയോയിൽ,"നിയമവിരുദ്ധമായി" ഘടിപ്പിച്ച യന്ത്രങ്ങൾ ഉപയോഗിച്ച് കൺട്രി ബോട്ടുകൾ പ്രവർത്തിപ്പിച്ചതിന് നിരവധി ബോട്ടുകാരെ അറസ്റ്റ് ചെയ്തതും ഭുയാന്‍റെ നിയോജക മണ്ഡലത്തിൽ നിന്നുള്ള ആളുകളെ രാഭ ഉപദ്രവിച്ചുവെന്നാരോപിച്ചായിരുന്നു ഫോൺകോൾ.

അഴിമതി ആരോപണത്തിൽ ജുൻമോനിയെ മുമ്പ് അറസ്റ്റ് ചെയ്യുകയും മജൂലി ജില്ലയിലെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. സസ്പെൻഷനിലായിരുന്ന ജുൻമോനി പിന്നീട് സസ്‌പെൻഷൻ പിൻവലിച്ചതിനു ശേഷമാണ് സർവീസിൽ തിരിച്ചെത്തിയത്.

അപകടം നടക്കുന്നതിന് ഒരു ദിവസം മുമ്പ് നോർത്ത് ലഖിംപൂർ പൊലീസ് സ്റ്റേഷനിൽ ജുൻമോനിക്കെതിരെ ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസും സിഐഡി അന്വേഷിക്കുമെന്ന് ഡിജിപി അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K