16 May, 2023 03:38:22 PM
നികുതിയിളവ് ലഭിക്കാനുള്ള അവസാനതീയതി ഇന്നലെ; ഉത്തരവ് നടപ്പാക്കാതെ ഏറ്റുമാനൂര്‍ നഗരസഭ
ഏറ്റുമാനൂര്‍: കെട്ടിടനികുതി പരിഷ്കരണം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് നഗരസഭ ചര്‍ച്ചയ്ക്കെടുക്കുന്നത് ഉത്തരവ് ഇറങ്ങി രണ്ട് മാസം തികയാന്‍ ഏതാനും ദിവസം മാത്രം ബാക്കിനില്‍ക്കെ. കെട്ടിടനിര്‍മ്മാണം സംബന്ധിച്ച പിഴയില്‍നിന്നും ഒഴിവാകുന്നതിന് ഉടമകള്‍ സത്യവാങ്മൂലം നല്‍കേണ്ട അവസാന തീയതി മെയ് 15 ആയിരുന്നു. ഈ തീയതിയും കഴിഞ്ഞ് ഇന്ന് മാത്രമാണ് ഏറ്റുമാനൂര്‍ നഗരസഭ കൌണ്‍സിലില്‍ വിഷയം ചര്‍ച്ചയ്ക്ക് എത്തുന്നത്.
ഇത് കൌണ്‍സിലര്‍മാര്‍ ഒന്നടങ്കം ചോദ്യം ചെയ്തതോടെ വിഷയം ചര്‍ച്ചയ്ക്കെടുക്കുന്നത് വീണ്ടും നീട്ടി. ജനങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതും ഗൌരവമേറിയതുമായ വിഷയം കൌണ്‍സിലില്‍ അവതരിപ്പിക്കാന്‍ ഇത്രയും വൈകിയതിനെ അംഗങ്ങള്‍ ഒന്നടങ്കം ചോദ്യം ചെയ്തു. മാത്രമല്ല കൌണ്‍സില്‍ ആരംഭിച്ചതിനുശേഷം മാത്രമാണ് അംഗങ്ങള്‍ക്ക് അജണ്ട ലഭിക്കുന്നത്. യോഗനോട്ടീസിനൊപ്പം അജണ്ട നല്‍കാതെ സ്വകാര്യമായി വെച്ചത് ഉദ്യോഗസ്ഥരുടെ ഗൂഡലക്ഷ്യത്തിന്‍റെ ഭാഗമായാണെന്ന് കൌണ്‍സിലര്‍ സിബി ചിറയില്‍ ആരോപിച്ചു.
മാത്രമല്ല കൌണ്‍സിലില്‍ അവതരിപ്പിക്കും മുമ്പ് വിഷയം ധനകാര്യസ്ഥിരം സമിതിയുടെ പരിഗണനയ്ക്കായി വെക്കണമായിരുന്നു. എന്നാല്‍ അങ്ങിനെയാണോ വിഷയം ഇവിടെ ചര്‍ച്ചയ്ക്കെടുത്തത് എന്ന ചോദ്യത്തിന് അല്ല എന്നുതന്നെയായിരുന്നു സെക്രട്ടറിയുടെ മറുപടി. ഇന്ന് 11 മണിക്ക് കൌണ്‍സില്‍ നടക്കുന്നതായുള്ള അറിയിപ്പ് ഇന്ന് രാവിലെ 10 മണിക്ക് ഉദ്യോഗസ്ഥന്‍ തന്നെ ഫോണില്‍ വിളിച്ച് അറിയിച്ചതെന്നും സിബി ചിറയില്‍ കുറ്റപ്പെടുത്തി.
2023 മാര്‍ച്ച് 22ന് ഇറങ്ങിയ ഉത്തരവാണ് മെയ് 16ന് നടന്ന കൌണ്‍സിലില്‍ ചര്‍ച്ചയ്ക്കെത്തിയത്. കൌണ്‍സില്‍ യോഗം നടക്കുന്നതിന് ഇത്ര ദിവസം മുമ്പ് അജണ്ട സഹിതം നോട്ടീസ് നല്‍കണമെന്നും ഓരോ യോഗവും കഴിഞ്ഞ് കൃത്യമായ കാലാവധി കണക്കാക്കി മിനിറ്റ്സ് അംഗങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും വര്‍ഷങ്ങളായുള്ള ആവശ്യത്തിനുനേരെ ഉദ്യോഗസ്ഥര്‍ മുഖം തിരിക്കുകയാണെന്നും ചെയര്‍പേഴ്സന്‍റെ പിടിപ്പുകേടാണ് ഇതിന് കാരണമെന്നും പ്രതിപക്ഷനേതാവ് ഈ.എസ്.ബിജു കുറ്റപ്പെടുത്തി.
കെട്ടിടനികുതി പരിഷ്കരണവുമായി മാര്‍ച്ച് 22ന് ഇറങ്ങിയ ഉത്തരവ് ചുവടെ.