16 May, 2023 02:49:56 PM


വഴിവിളക്കുകള്‍ തെളിയിച്ച് സ്ഥിരം സമിതി അധ്യക്ഷന്‍; ചോദ്യം ചെയ്ത് വാര്‍ഡ് കൗണ്‍സിലര്‍



ഏറ്റുമാനൂര്‍: വഴിവിളക്കുകള്‍ തെളിച്ചത് സംബന്ധിച്ച് നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനും വാര്‍ഡ് കൌണ്‍സിലറും ഏറ്റുമുട്ടി. ഏറ്റുമാനൂര്‍ നഗരസഭയുടെ ചൊവ്വാഴ്ച നടന്ന കൌണ്‍സില്‍ യോഗത്തിലാണ് സംഭവം. വെള്ളം, വെളിച്ചം, വഴി തുടങ്ങിയവ പൊതുമരാമത്ത് സ്ഥിരം സമിതിയുടെ ചുമതലയിലാണെങ്കിലും താനറിയാതെ തന്‍റെ വാര്‍ഡില്‍ എന്തിന് വഴിവിളക്കുകള്‍ തെളിയിച്ചു എന്ന ചോദ്യവുമായാണ് 34-ാം വാര്‍ഡ് കൌണ്‍സിലര്‍ ഉഷാ സുരേഷ് സ്ഥിരം സമിതി അധ്യക്ഷന്‍ വി.എസ്.വിശ്വനാഥനുമായി ഏറ്റുമുട്ടിയത്.


സംഭവം ഇങ്ങനെ. 34-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട ശക്തിനഗര്‍ ഭാഗത്ത് ഏതാനും ആഴ്ചകളായി വഴിവിളക്കുകള്‍ കത്തുന്നില്ലായിരുന്നു. സ്ഥലത്തെ റസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.എസ്.വിശ്വനാഥനോട് പരാതി അറിയിച്ചു. തൊട്ടടുത്ത ദിവസം തന്നെ വഴിവിളക്കുകളുടെ അറ്റകുറ്റപണികള്‍ നടത്തുന്ന കരാറുകാരനെ വിശ്വനാഥന്‍ സ്ഥലത്തേക്ക് പറഞ്ഞയച്ചു. പരിശോധനയില്‍ ഒരു പോസ്റ്റില്‍ ഘടിപ്പിച്ചിരുന്ന സ്വിച്ച് ഇടി വെട്ടി പോയതാണ് കാരണമെന്ന് കണ്ടുപിടിച്ചു. പിറ്റേന്ന് തന്നെ പുതിയ സ്വിച്ച് ഘടിപ്പിക്കുകയും വഴിവിളക്കുകള്‍ തെളിയുകയും ചെയ്തു.


സ്ഥിരം സമിതി അധ്യക്ഷന്‍ ഇടപെട്ട് വഴിവിളക്കുകള്‍ തെളിച്ചത് അസോസിയേഷനില്‍ ചര്‍ച്ചയായതോടെയാണ് വാര്‍ഡ് കൌണ്‍സിലര്‍ ബഹളവുമായി രംഗത്തെത്തിയത്. തന്നെ ഫോണില്‍ വിളിച്ച് ബഹളം വെച്ച കൌണ്‍സിലറോട് പരാതിയുണ്ടെങ്കില്‍ കൌണ്‍സിലില്‍ പറയാനായിരുന്നു സ്ഥിരം സമിതി അധ്യക്ഷന്‍റെ മറുപടി. ഇതനുസരിച്ചാണ് ഇന്ന കൌണ്‍സില്‍ യോഗത്തിന്‍റെ തുടക്കത്തില്‍ തന്നെ പരാതിയുമായി കൌണ്‍സിലര്‍ എഴുന്നേറ്റത്. എന്നാല്‍ പൊതുമരാമത്തുമായി ബന്ധപ്പെട്ട് നഗരസഭാ പരിധിയില്‍ ആര് വിളിച്ച് പരാതി പറഞ്ഞാലും നേരിട്ട് ഇടപെടാന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ എന്ന നിലയില്‍ തനിക്ക് അധികാരമുണ്ടെന്ന് വിശ്വനാഥന്‍ പറഞ്ഞു. ഇത് കൌണ്‍സിലറെ അറിയിക്കേണ്ട കാര്യമില്ല. ആഴ്ചകളായി പ്രദേശം ഇരുട്ടിലായിട്ടും കൌണ്‍സിലര്‍ ഇടപെടാതിരുന്നതാകാം നാട്ടുകാര്‍ തന്നോട് പരാതി ബോധിപ്പിക്കാന്‍ ഇടയാക്കിയതെന്നും അദ്ദേഹം ചൂണ്ടികാട്ടി.


എന്നാല്‍ പോസ്റ്റില്‍ മാറിവെച്ച സ്വിച്ച് താന്‍ പണം കൊടുത്ത് വാങ്ങിയതെന്നതായിരുന്നു കൌണ്‍സിലറുടെ വാദം. അതിന്‍റെ ആവശ്യമില്ലെന്നും വഴിവിളക്കുമായി എന്തു മാറിവെച്ചാലും പുതുതായി ഘടിപ്പിച്ചാലും അതിന്‍റെ പണം കരാറുകാരന് കൊടുക്കുന്നത്  നഗരസഭയാണെന്നും അദ്ദേഹം തിരിച്ചടിച്ചു. അതേസമയം പണി നടത്തിയത് സ്ഥിരം സമിതി അധ്യക്ഷന്റെ നിർദേശപ്രകാരമാണെന്നും വിവരം വാർഡ് കൗൺസിലറെ അറിയിച്ചത് താനാണെന്നും കരാറുകാരൻ പറഞ്ഞു. കൗൺസിലറെ വിവരം അറിയിച്ചപ്പോൾ സ്വിച്ചിന്റെ പണം അവർ ഗൂഗിൾ പേ ചെയ്തു തരികയാണ് ചെയ്തതെന്നും കരാറുകാരൻ പറഞ്ഞു.


തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ നഗരസഭയുടെ എല്ലാ വാര്‍ഡുകളിലും അടിയന്തിരമായി 25 വഴിവിളക്കുകള്‍ വീതം അനുവദിച്ചുകൊണ്ട് കൌണ്‍സില്‍ തീരുമാനമായി. ചെയര്‍പേഴ്സണ്‍ ലൌലി ജോര്‍ജ് പടികര അധ്യക്ഷയായിരുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K