15 May, 2023 07:03:22 PM


ചിട്ടി സ്ഥാപനത്തിൽ നിന്ന് പണം കവർന്ന മോഷ്ടാവ് 8വർഷം മുമ്പ് സ്വർണം മോഷ്ടിച്ച കേസിലും പ്രതി



കോട്ടയം: കോട്ടയത്ത് ചിട്ടി സ്ഥാപനത്തിൽ നിന്ന് 1,39,000 രൂപ കവർന്ന മോഷ്ടാവ് എട്ട് വർഷം മുമ്പ് നഗരമധ്യത്തിലെ ആഭരണശാലയിൽ നിന്ന് ഒന്നരക്കിലോ സ്വർണം മോഷ്ടിച്ച കേസിലും പ്രതിയെന്ന് ആരോപണം. പ്രതിയുടെ സിസിടിവി ദൃശ്യങ്ങളും, കവർച്ചാ രീതിയും എല്ലാം സമാനമാണെന്ന് ചൂണ്ടിക്കാട്ടി അരുൺ മരിയ ഗോൾഡ് ഉടമ അരുൺ മർക്കോസാണ് പോലീസിനെ സമീപിച്ചിരിക്കുന്നത്.

2015 ആഗസ്റ്റ് 27 ഉച്ചക്ക് കോട്ടയത്തെ മുൻസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിന് ഉള്ള അരുൺ മരിയ ഗോൾഡ് എന്ന ജൂവലറിയിൽ ബധിരനാണെന്ന് പറഞ്ഞ് സഹായം ചോദിച്ചെത്തി അന്ന് വിപണിവില 36 - 40 ലക്ഷം രൂപ മതിക്കുന്ന
ഒന്നര കിലോയോളം ആഭരണം അടങ്ങിയ പെട്ടി കവർന്ന് മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു.

അന്നത്തെ മോഷണത്തിൻ്റെ സിസിടിവി ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതേ പ്രതി തന്നെയാണ് കഴിഞ്ഞ മെയ് - 6 ന് കോട്ടയം ടൗണിലെ  ചിട്ടി സ്ഥാപനത്തിലും കവർച്ച നടത്തിയതെന്ന് വ്യക്തമാക്കുന്നതെന്ന് അരുൺ മരിയ ഗോൾഡ് ഉടമ അരുൺ മാർക്കോസ് എസിവി ന്യൂസിനോട് പറഞ്ഞു.. 

മോഷണം ലക്ഷ്യമിട്ട് മൂന്നുവട്ടം ജ്വല്ലറിയിൽ വരുന്നതും സ്ഥലവും, ആളുകളെയും ശ്രദ്ധിച്ച ശേഷം അകത്തു കയറി സഹായം അഭ്യർത്ഥിച്ചുള്ള പേപ്പർ നൽകി ജീവനക്കാരുടെ ശ്രദ്ധ തിരിച്ച് സ്വർണാഭരണപെട്ടി കവരുന്ന ദൃശ്യങ്ങൾ തെളിവായി പോലീസിന് കൈമാറിയിരുന്നു. തുടക്കത്തിൽ കാര്യമായ അന്വേഷണം നടന്നുവെങ്കിലും പ്രതിയെ പിടികൂടാൻ  കഴിയാതായതോടെ പതുക്കെ കേസ് അന്വേഷണം മുടങ്ങി.

ചിട്ടി സ്ഥാപനത്തിലെ മോഷണ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് തങ്ങളുടെ ജ്വല്ലറിയിലും ഇതേ വ്യക്തി തന്നെയാണ് കവർന്നതെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലായതെന്ന് അരുൺ പറയുന്നു. തമിഴ്നാട് വെല്ലൂർ സ്വദേശി പളനി മുരുകനെയാണ്(41) ചിട്ടി സ്ഥാപനത്തിലെ മോഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോട്ടയം വെസ്റ്റ് പോലീസ് തമിഴ്നാട്ടിൽ എത്തി കൂടിയത്.

തങ്ങളുടെ ജ്വല്ലറിയിലെ മോഷണവും നടത്തിയത് ഇയാളെന്ന് തിരിച്ചറിഞ്ഞ  ഉടൻ തന്നെ വെസ്റ്റ് പോലീസ് അധികൃതരെ സമീപിച്ചു കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടതായും, എട്ട് വർഷം മുമ്പുള്ള ദൃശ്യങ്ങൾ വീണ്ടും പോലീസിന് സമർപ്പിച്ചിട്ടുണ്ടെന്നും അരുൺ വ്യക്തമാക്കി.

എന്നാൽ പ്രതി  ജ്വല്ലറി മോഷണക്കുറ്റം സമ്മതിച്ചിട്ടില്ലെന്ന് വെസ്റ്റ് പോലീസ് പറയുന്നു. തുടരന്വേഷണവും, സ്വർണ്ണം എവിടെയൊക്കെയാണ് കൊടുത്തിരിക്കുന്നത് അടക്കമുള്ള വിവരങ്ങളും റിമാൻഡിൽ കഴിയുന്ന പ്രതിയെ വീണ്ടും കസ്റ്റഡിയിൽ എടുക്കുമ്പോൾ അന്വേഷണം നടത്തും എന്നുള്ള ഉറപ്പാണ് ഇപ്പോൾ ജ്വലറി ഉടമയ്ക്ക്  ലഭിച്ചിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K