12 May, 2023 07:58:46 PM
മധ്യവയസ്കനെ ആക്രമിച്ച സംഘം പദ്ധതിയിട്ടത് വൻ കവർച്ചക്ക് : 4നാലുപേർ അറസ്റ്റിൽ
കോട്ടയം: മധ്യവയസ്കനെ ആക്രമിച്ച് മൊബൈലും പണവും കവർന്നതിനു ശേഷം മറ്റു ജില്ലയിൽ കവർച്ചയ്ക്ക് പദ്ധതിയിട്ട നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി കവല ഭാഗത്ത് മാമൂട്ടിൽ വീട്ടിൽ വിശ്വനാഥൻ മകൻ ദീപു എന്ന് വിളിക്കുന്ന ദിപിൻ വിശ്വൻ(34), മോനിപ്പള്ളി പുല്ലുവട്ടം കവലഭാഗത്ത് കളപുരയ്ക്കൽ വീട്ടിൽ മനു എന്ന് വിളിക്കുന്ന ജോയ് മകന്‍ അഗസ്റ്റിൻ ജോയ് (34), ആലപ്പുഴ രാമങ്കരി വേഴപ്ര ഭാഗത്ത് ചേക്കോട് വീട്ടിൽ രാംദാസ് മകൻ രഞ്ജിത്ത് (35), അയർക്കുന്നം തിരുവഞ്ചൂർ മണിയാറ്റിങ്കൽ ഭാഗത്ത് കുന്നുംപുറത്ത് വീട്ടിൽ ചെല്ലപ്പൻപിള്ള മകൻ അനി എന്ന് വിളിക്കുന്ന അനിൽകുമാർ(46) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം വൈകിട്ടോടുകൂടി കറുകച്ചാൽ മാമുണ്ട ഭാഗത്ത് വഴിയിൽ നിൽക്കുകയായിരുന്ന മധ്യവയസ്കനെ ദിപിൻ വിശ്വനും, ജോയി അഗസ്റ്റിൻ ജോയിയും ചേർന്ന് ആക്രമിക്കുകയും ഇയാളുടെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണും പണവും കവർന്ന് കടന്നുകളയുകയായിരുന്നു. തുടർന്ന് ഇവർ സുഹൃത്തുക്കൾ ആയ രഞ്ജിത്തിനെയും, അനിൽകുമാറിനെയും കൂട്ടി കോട്ടയത്ത് എത്തുകയും ഇവര്‍ നാലുപേരും ചേർന്ന് ഗുരുവായൂരിൽ ചെന്ന് കവർച്ച നടത്താമെന്ന് പദ്ധതിയിടുകയും, ഗുരുവായൂരിൽ പോകുന്നതിനു വേണ്ടി കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തുകയുമായിരുന്നു.
മധ്യവയസ്കന്‍റെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ വച്ച് ഗുരുവായൂരിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇവരെ പിടികൂടുകയായിരുന്നു. പോലീസിന്‍റെ വിശദമായ ചോദ്യം ചെയ്യലിൽ ഇവരുടെ തുടര്‍ന്നുള്ള കവര്‍ച്ചാ പദ്ധതികളെ കുറിച്ച് പോലീസിനോട് പറയുകയായിരുന്നു.
കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ.ശ്രീജിത്ത്, എസ്.ഐ അനുരാജ് എം.എച്ച്, ശ്രീനിവാസൻ, സി.പി.ഓ മാരായ പ്രതീഷ് രാജ്, ലിബു ചെറിയാൻ, ബിജു സത്യപാൽ,ഷൈൻ, വിപിന്‍.ബി, അജിത്ത് എ.വി, എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ദിപിൻ വിശ്വന് കോട്ടയം വെസ്റ്റ്, ഗാന്ധിനഗർ, കറുകച്ചാൽ എന്നീ സ്റ്റേഷനുകളിലും, അഗസ്റ്റിൻ ജോയിക്ക് കറുകച്ചാൽ സ്റ്റേഷനിലും ക്രിമിനൽ കേസുകള്‍ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.