11 May, 2023 04:16:07 PM
ഡോ. വന്ദന ദാസ് ഇനി കണ്ണീരോർമ; അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ
കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസ് കണ്ണീരോർമയായി. കോട്ടയം മുട്ടുചിറയിലെ വീട്ടു വളപ്പിൽ വൻ ജനാവലിയെ സാക്ഷി നിർത്തി ഡോ. വന്ദന ദാസിന്‍റെ സംസ്ക്കാര ചടങ്ങുകൾ പൂർത്തിയായി. വർഷങ്ങളോളം കാത്തിരുന്നു കിട്ടിയ പൊന്നോമന മകൾക്ക് അച്ഛൻ മോഹൻദാസും അമ്മ വസന്തകുമാരിയും നൽകിയ അന്ത്യചുംബനം ഹൃദയഭേദകമായ കാഴ്ച്ചയായിരുന്നു. വന്ദനയുടെ അമ്മയുടെ സഹോദരന്‍റെ മകൻ നിവേദാണ് ചിതയ്ക്ക് തീക്കൊളുത്തിയത്.
സാംസ്ക്കാരിക രാഷ്ട്രീയ മേഖലകളിൽ നിന്നായി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. സ്പീക്കർ എ എൻ ഷംസീർ, കേന്ദ്ര മന്ത്രി വി മുരളീധരൻ, മന്ത്രിമാരായ വി എൻ വാസവൻ, റോഷി അഗസ്റ്റ്യൻ, തോമസ് ചാഴിക്കാടൻ എംപി, എം എൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ , മോൻസ് ജോസഫ് തുടങ്ങിയവർ വന്ദനയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ കോട്ടയത്തെ വീട്ടിൽ എത്തി.
ഇന്നലെ പുലർച്ചെയായിരുന്നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചയാളുടെ കുത്തേറ്റ് ഡോ. വന്ദന കൊല്ലപ്പെട്ടത്. ചികിത്സക്കായി പൊലീസ് എത്തിച്ച സ്കൂൾ അധ്യാപകൻ സന്ദീപാണ് വന്ദനയെ ആക്രമിച്ചത്.
വന്ദന ദാസിന്‍റെ ശരീരത്തിൽ 11 കുത്തുകളേറ്റതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. തുകിലും തലയിലുമേറ്റ കുത്തുകളാണ് മരണത്തിലേക്ക് നയിച്ചത്. മുതുകിൽ ആറും തലയിൽ മൂന്നും കുത്തുകളേറ്റു. ശരീരത്തിലാകെ 23 മുറിവുകളാണ് ഉള്ളതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.