09 May, 2023 01:43:08 PM
കര്‍ത്താവിന്‍റെ മണവാട്ടിയായി സിവില്‍ എഞ്ചിനീയറായ യുവതി
ഏറ്റുമാനൂര്‍: സഭാ വസ്ത്രം സ്വീകരിച്ച് സിവില്‍ എഞ്ചിനീയറായ യുവതി. ഏറ്റുമാനൂര്‍ ശക്തിനഗര്‍ തലച്ചേല്‍ ബിജു ജോസഫിന്‍റെയും ഷോളിയുടെയും മകള്‍ സ്വേതാ ബിജുവാണ് എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞ പിന്നാലെ ദൈവവിളി ലഭിച്ച് കന്യാസ്ത്രീയായി മാറിയത്.
കിടങ്ങൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും 2017ല്‍ സിവില്‍ എഞ്ചിനീയറിംഗില്‍ ബിടെക് ബിരുദം നേടി. ഒരു വര്‍ഷം തികയുംമുമ്പേ ദൈവവിളിയുണ്ടായി. 2018ല്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള ഇത്തിത്താനം ലിസ്യൂസ് കോണ്‍വെന്‍റില്‍ പ്രവേശനം നേടി കന്യാസ്ത്രീയാകാനുള്ള പഠനം ആരംഭിച്ചു. അഞ്ച് വര്‍ഷം നീണ്ട പഠനത്തിനൊടുവില്‍ കഴിഞ്ഞ മെയ് നാലിന് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ഇവരെ സിസ്റ്റര്‍ സ്വേത ലിസ്ബത്ത് എന്ന പേര് നല്‍കി കര്‍ത്താവിന്‍റെ മണവാട്ടിയായി വാഴിച്ചു.
മെയ് ആറിന് സ്വന്തം ഇടവക ദേവാലയമായ ഏറ്റുമാനൂര്‍ ക്രിസ്തുരാജാ പള്ളിയില്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു. കര്‍ത്താവിന്‍റെ മണവാട്ടിയായി തുടരുന്നതോടൊപ്പം സിവില്‍ എഞ്ചിനീയറില്‍ ഉപരിപഠനം നടത്താനും പറ്റുമെങ്കില്‍ ഈ മേഖലയില്‍ സേവനമനുഷ്ഠിക്കാനും സ്വേത ആഗ്രഹിക്കുന്നു. ഇത്തിത്താനത്തുനിന്നും നിരണം കര്‍മ്മലീത്താമഠത്തിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരിക്കുകയാണ് സ്വേതയ്ക്കിപ്പോള്‍.
ഏറ്റുമാനൂരിലെ വ്യാപാരിയും ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹിയുമാണ് സ്വേതയുടെ പിതാവ് ബിജു. മാതാവ് ഷോളി ഒരു സ്വകാര്യ ബാങ്കിലെ ഉദ്യോഗസ്ഥയാണ്. നെവില്‍ ബിജുവാണ് സഹോദരന്‍.