08 May, 2023 04:38:23 PM
ഏറ്റുമാനൂരില്‍ കെഎസ്ആര്‍ടിസി ബസും കാറും ബൈക്കും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്
- ബിന്ദു ആര്‍ മേനോന്‍

ഏറ്റുമാനൂര്‍: എം.സി.റോഡില്‍ പാറോലിക്കല്‍ കവലയ്ക്കു സമീപം കെഎസ്ആര്‍ടിസി ബസും കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്ക്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ് സാരമായി പരിക്കേറ്റ ബൈക്ക് യാത്രികന്‍ ഏറ്റുമാനൂര്‍ മാക്സിലെ ജീവനക്കാരന്‍ വയനാട് സ്വദേശി ഫെബിന്‍ (21)നെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ്, കാര്‍ യാത്രികര്‍ ഉള്‍പ്പെടെ നിസാരപരിക്കേറ്റവര്‍ സമീപത്തെ ആശുപത്രികളില്‍ പ്രാഥമികചികിത്സ തേടി.
ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നും തൃശൂര്‍ക്ക് പോകുകയായിരുന്ന ബസില്‍ എതിരെ വന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ബൈക്കിൽ ഇടിച്ച ശേഷമാണ് കാർ ബസിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ബസിനടിയിലേക്ക് കയറിപോയി. കാറിന്‍റെ മുന്‍വശം പൂര്‍ണ്ണമായി തകര്‍ന്നു. ബസിന്‍റെ മുന്‍വശത്തെ ചില്ലുള്‍പ്പെടെ തകര്‍ന്നു. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി.