04 May, 2023 11:38:42 AM
വാഹനാപകടക്കേസില്‍ പത്തരലക്ഷം രൂപ തട്ടിയെടുത്തു; അഭിഭാഷകനെതിരെ കേസ്
കോട്ടയം: വാഹനാപകടക്കേസില്‍ വാദിക്ക് കോടതി അനുവദിച്ച പത്തരലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ അഭിഭാഷകനെതിരെ പൊലീസ് കേസെടുത്തു. കോട്ടയം ബാറിലെ അഭിഭാഷകനും വൈക്കം സ്വദേശിയുമായ അഡ്വ. പി. രാജീവിനെതിരെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തത്.
ചേര്‍ത്തല സ്വദേശിയായ ക്ഷേത്രം പൂജാരി നിഥിന്‍റെ നഷ്ടപരിഹാരത്തുക കബളിപ്പിച്ച് തട്ടിയെടുത്തെന്നാണ് പരാതി. 2015 മാര്‍ച്ച് 22-നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പാര്‍ട്ട് ടൈം ശാന്തിക്കാരനായ നിഥിന് അപകടം സംഭവിച്ചത്. തുടര്‍ന്ന് രാജീവ് ഇദ്ദേഹത്തെ സമീപിച്ച് നഷ്ടപരിഹാര കേസ് ഏറ്റെടുത്തു. 2020 ജനുവരി ഏഴിന് 11 ലക്ഷത്തോളം രൂപ പരിക്കേറ്റ നിഥിന് നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി വിധിച്ചു. കേസ് വിധിയായതോടെ കോടതിയില്‍ നല്‍കാനെന്ന് തെറ്റിദ്ധരിപ്പിച്ച് മൂന്ന് ചെക്കുകള്‍ തുക എഴുതാതെ അഭിഭാഷകന്‍ ഒപ്പിട്ടുവാങ്ങി.
നഷട പരിഹാരത്തുക ബാങ്കിലെത്താതായപ്പോള്‍ അഭിഭാഷകന്‍, നിഥിനറിയാതെ ചെക്ക് ബാങ്കില്‍ നല്‍കി പണം മാറിയെടുത്തെന്നാണ് പരാതി. രണ്ട് ചെക്കില്‍ അഞ്ചുലക്ഷം രൂപാ വീതവും ഒരു ചെക്കില്‍ നിന്ന് അരലക്ഷവും തട്ടിയെടുത്തെന്നാണ് പരാതിയില്‍ പറയുന്നത്. കോട്ടയം ഈസ്റ്റ് പൊലീസ് ഇന്‍സ്പെക്ടര്‍ യു. ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ അഭിഭാഷകനെതിരെ അന്വേഷണം ആരംഭിച്ചു. സംഭവം പുറത്തായതോടെ പി രാജീവിനെതിരെ സമാനരീതിയില്‍ മറ്റൊരു പരാതിയും ലഭിച്ചതായി കോട്ടയം ഈസ്റ്റ് പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ഇന്‍സ്പെക്ടര്‍ യു. ശ്രീജിത്ത് പറഞ്ഞു.