19 April, 2023 12:38:44 PM
സൗജന്യ യോഗപരിശീലനം നീണ്ടൂരിൽ

കോട്ടയം: കേരള സർക്കാർ ഹോമിയോപ്പതി വകുപ്പിന്‍റെയും നാഷണൽ ആയുഷ്മിഷന്‍റെയും നേതൃത്വത്തിൽ നീണ്ടൂർ ഗ്രാമപഞ്ചായത്തിൽ സൗജന്യ യോഗപരിശീലനം ആരംഭിച്ചു. നീണ്ടൂർ മൂഴികുളങ്ങര ഗവൺമെന്‍റ് ഹോമിയോ ഡിസ്പെൻസറിയിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി. കെ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.
ഏത് പ്രായക്കാർക്കും പഠിക്കാവുന്ന ലളിതമായ യോഗ, പ്രാണായാമം, ധ്യാനം തുടങ്ങിയവയാണ് പരിശീലിപ്പിക്കുന്നത്. യോഗ പഠിക്കാൻ താല്പര്യമുള്ളവർക്ക് വാർഡ്തലത്തിൽ സൗകര്യമൊരുക്കും.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പി.ഡി ബാബു അധ്യക്ഷത വഹിച്ചു. യോഗ ഇൻസ്ട്രക്ടർ ധന്യമോൾ ക്ലാസ് എടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പമ്മ തോമസ്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എം. കെ ശശി, ബ്ലോക്ക് പഞ്ചായത്തംഗം തോമസ് കോട്ടൂർ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷൈനി ഷാജി, സൗമ്യ വിനീഷ്, മരിയ ഗൊരോത്തി, മായ ബൈജു, ആലീസ് ജോസഫ്, ഷൈനു ഓമനക്കുട്ടൻ, മെഡിക്കൽ ഓഫീസർ ഹേമ കെ. കർത്ത, പഞ്ചായത്ത് സെക്രട്ടറി രതി ടി. നായർ, ആശുപത്രി മാനേജ്മെന്‍റ് അംഗങ്ങൾ പങ്കെടുത്തു.