26 March, 2023 06:03:23 PM
ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ പുതിയ ഉപദേശകസമിതി; പ്രൊഫ. ശങ്കരന്‍ നായര്‍ പ്രസിഡന്‍റ്

പ്രൊഫ.ശങ്കരന്‍നായര്‍ ശ്രീശൈലം, സോമന്‍ ഗംഗാധരന്‍, എസ് സജയകുമാര്‍
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ പുതിയ ഉപദേശകസമിതിയെ തിരഞ്ഞെടുത്തു. ഇന്ന് രാവിലെ പത്ത് മണിയോടെ തുടങ്ങിയ തിരഞ്ഞെടുപ്പ് പ്രക്രീയകള്‍ക്കൊടുവില്‍ വൈകിട്ട് അഞ്ച് മണിയോടെയാണ് ഭാരവാഹികള്‍ക്കായുള്ള നറുക്കെടുപ്പ് നടന്നത്. പ്രസിഡന്‍റായി പ്രൊഫ. ശങ്കരന്‍നായര്‍ സി.എന്‍, ശ്രീശൈലം തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്‍റായി എസ് സജയകുമാറും സെക്രട്ടറിയായി സോമന്‍ ഗംഗാധരനും തിരഞ്ഞെടുക്കപ്പെട്ടു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഖജാന്‍ജി ആയിരിക്കും. 361 പേരില്‍നിന്നാണ് 13 ഭാരവാഹികളെ തിരഞ്ഞെടുത്തത്.
വിശ്വനാഥ് ആർ ശാന്തി ഭവൻ, നന്ദകുമാർ വി. ജി. വട്ടമറ്റത്തിൽ, ശശിധരൻ നായർ സതീഷ് ഭവൻ, സോമൻ ഗംഗാധരൻ പ്രാരത്തിൽ, സജയകുമാർ കുഴിക്കാട്ട്പറമ്പിൽ, വിശാഖ് എം ലക്ഷ്മി പുരം, പ്രകാശ് സി പി നടുവീട്, ബിനു കെ.പി കൊട്ടാരത്തിൽ, സോമനാഥൻ നായർ പി എം പൗർണ്ണമി, പ്രൊഫ ശങ്കരൻ നായർ സി.എൻ ശ്രീശൈലം, വിജയകുമാർ എം മൈലക്കണ്ടത്തിൽ, ദിലീപ് റ്റി.കെ മാളിയേക്കൽ, സോമൻ വി.എൻ നിലയ്കൽ എന്നിവരാണ് പുതിയ ഉപദേശകസമിതി അംഗങ്ങള്‍.

രാവിലെ ഓഡിറ്റോറിയത്തില്‍ ഹാജരായവരില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച 413 പേരെയാണ് ആദ്യം പരിഗണിച്ചത്. തുടര്‍ന്ന് 20 പേര്‍ സ്ഥലത്തില്ലാതെ വരികയും 32 പേർ പിന്മാറുകയും ചെയ്തു. ശേഷിച്ച 361 പേരുകളാണ് നറുക്കെടുപ്പിൽ ഉൾക്കൊള്ളിച്ചത്. കൊടിമരച്ചുവട്ടിൽ നടന്ന നറുക്കെടുപ്പിൽ ഏഴു വയസ്സുകാൻ സുദേവ് എസ് നായരാണ് ഉപദേശക സമിതി അംഗങ്ങളെ നറുക്കെടുത്തത്. ഒട്ടനവധി സ്ത്രീകള്‍ മത്സരരംഗത്തുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും നറുക്ക് വീണില്ല.
രാവിലെ ശ്രീകൈലാസ് ഓഡിറ്റോറിയത്തില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചപ്പോള്‍ വിവിധ രാഷ്ട്രീയകക്ഷികള്‍ ചേരിതിരിഞ്ഞ് മത്സരരംഗത്ത് വന്നിരുന്നു. ഒന്നുകില്‍ സമവായത്തിലൂടെയോ അല്ലെങ്കില്‍ നറുക്കെടുപ്പിലൂടെയോ ആയിരിക്കും തിരഞ്ഞെടുപ്പ് എന്ന് പ്രഖ്യാപിച്ചതോടെ ഭൂരിപക്ഷവും നറുക്കെടുപ്പിനെ പിന്തുണയ്ക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന നടപടിക്രമങ്ങള്‍ അഞ്ച് മണി കഴിഞ്ഞാണ് അവസാനിച്ചത്.
ദേവസ്വം ഡപ്യൂട്ടി കമ്മീഷണര്‍ കൃഷ്ണകുമാര്‍, അസിസ്റ്റന്‍റ് കമ്മീഷണര്‍ എം.ജി.മധു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജ്യോതി എന്നിവര്‍ തിരഞ്ഞെടുപ്പ് പ്രക്രീയകള്‍ക്ക് നേതൃത്വം നല്‍കി.ആദ്യം പേരു നല്‍കിയ കുറെപേര്‍ ഇടയ്ക്ക് പിന്‍വാങ്ങി. ശേഷിച്ച 361 ആളുകളുടെ പേരുകളാണ് നറുക്കിട്ട് 13 പേരെ തിരഞ്ഞെടുത്തത്.