23 March, 2023 05:21:49 PM
മന്ത്രി മാറ്റിയ ബോര്‍ഡ് വീണ്ടും സ്ഥാപിച്ച് സര്‍ക്കാര്‍ ഡോക്ടര്‍: നടപടിയുമായി വിജിലന്‍സ്
കോട്ടയം: കാഞ്ഞിരപ്പളളി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതുമായി ബന്ധപ്പെട്ട പരാതിയില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. ആശുപത്രിയിലെ സര്‍ജന്‍ ഡോ. ബിനു പി ജോണിനെതിരെയായിരുന്നു പരിശോധന. പരിശോധന നടന്ന സമയം ഡോക്ടറെ കാണാനായി നിരവധി രോഗികള്‍ ഉണ്ടായിരുന്നു.
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നേരത്തെ വിലക്കിയിരുന്നുവെങ്കിലും ആശുപത്രി സമയത്തിനു ശേഷവും രോഗികള്‍ക്ക് സേവനം ലഭ്യമാകുന്നതിനായി ഡോക്ടറുടെ വീടുകളില്‍ പോയി കാണാനുളള വ്യവസ്ഥ പിന്നീട് കൊണ്ടുവന്നിരുന്നു. എന്നാല്‍, വാണിജ്യകെട്ടിടങ്ങളില്‍ സ്വകാര്യ പ്രാക്ടീസ് നടത്താന്‍ ഡോക്ടര്‍മാര്‍ക്ക് അനുവാദമില്ല. ഇതിനെതിരെ ശക്തമായ നടപടിയാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചു വരുന്നത്.
ആശുപത്രി സന്ദര്‍ശനവേളയില്‍ ഡോ. ബിനു പി. ജോണ്‍ അനധികൃതമായി സ്ഥാപിച്ച ബോര്‍ഡ് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ ശ്രദ്ധയില്‍പെടുകയും മന്ത്രി നേരിട്ടെത്തി ബോര്‍ഡ് നീക്കം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ മന്ത്രി പോയതിന് പിന്നാലെ ബോര്‍ഡ് വീണ്ടും പഴയ സ്ഥാനത്തെത്തി. ഇതേ തുടര്‍ന്നാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. പരിശോധനാ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറുമെന്ന് വിജിലന്‍സ് വക്താവ് അറിയിച്ചു.