22 March, 2023 07:23:24 PM


സത്യാഗ്രഹ ശതാബ്ദി ആഘോഷം: പ്രത്യേക തുക വകയിരുത്തി വൈക്കം നഗരസഭാ ബജറ്റ്



വൈക്കം: വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം ഉൾപ്പെടെ വൈക്കത്തിന്‍റെ സമഗ്ര വികസന, ക്ഷേമ പദ്ധതികൾക്ക് മുൻഗണന നൽകി നഗരസഭാ ബജറ്റ്. നഗരസഭാധ്യക്ഷ രാധികാ ശ്യാമിന്‍റെ അധ്യക്ഷതയിൽ നഗരസഭാ കൗൺസിൽ ഹാളിൽ ചേർന്ന ബജറ്റ് യോഗത്തിൽ വൈസ് ചെയർമാൻ പി. ടി സുഭാഷ് ബജറ്റ് അവതരിപ്പിച്ചു. 43,65,35,205  രൂപ വരവും 43,18,93,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ 46,42,205 രൂപ നീക്കിയിരിപ്പുമുണ്ട്.

സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്കായും വൈക്കത്തിന്‍റെ സമസ്ത മേഖലകളേയും സ്പർശിച്ചു കൊണ്ട് ഡി പി ആർ തയാറാക്കുന്നതിനായും 10 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി. വൈക്കം നഗര നിവാസികളുടെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും 24 മണിക്കൂറും കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയും സമഗ്ര കുടിവെള്ള പദ്ധതി നടപ്പാക്കും. ഇതിനായി കേന്ദ്ര സർക്കാർ പദ്ധതിയായ അമൃതിൽ ഉൾപ്പെടുത്തി 7.16 കോടി രൂപ അനുവദിച്ചു. കേരള വാട്ടർ അതോറിറ്റി മുഖേന ഡിപ്പോസിറ്റ് വർക്ക് ആയിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

നഗരസഭയുടെ അധീനതയിലുള്ള ബീച്ച്, പാർക്ക്, ശ്മശാനം, ഷോപ്പിങ് കോംപ്ലക്സുകൾ മുതലായ ആസ്തി വകകൾ യഥാസമയം അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കുന്നതിനായി 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പാർപ്പിട ഭവന നിർമ്മാണ പദ്ധതികൾക്കായി 3.27 കോടി രൂപ വകയിരുത്തി.

ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററുകൾ, ദാരിദ്ര ലഘൂകരണം, അന്ധകാരത്തോട്, പെരിഞ്ചിലത്തോട് നവീകരണം, പുതിയ ഷോപ്പിങ് കോംപ്ലക്സ് നിർമ്മാണം, ആരോഗ്യ മേഖലയിലെ പദ്ധതികൾ, പൊതുശുചിത്വ മാലിന്യ നിർമ്മാർജ്ജന പദ്ധതികൾ, പശ്ചാത്തല വികസനം, വനിതാ ക്ഷേമം, വയോജന ക്ഷേമം, കാർഷിക വികസനം, മൃഗസംരക്ഷണം, മത്സ്യ തൊഴിലാളി ക്ഷേമം, വിദ്യാഭ്യാസം, യുവജനക്ഷേമം, തുടങ്ങി നഗരത്തിന്റെ എല്ലാ മേഖലയും സ്പർശിക്കുന്നതാണ് നഗരസഭാ ബജറ്റ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K