21 March, 2023 09:41:08 PM
തടി മുറിക്കാൻ ഉപയോഗിക്കുന്ന വാളുകൾ മോഷ്ടിച്ച യുവാവ് ഏറ്റുമാനൂരില്‍ അറസ്റ്റിൽ

ഏറ്റുമാനൂർ: തടി മുറിക്കാൻ ഉപയോഗിക്കുന്ന മൂന്ന് മെഷീൻ വാളുകൾ മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം 31--ാം മൈൽ വേമ്പനാട്ട് വീട്ടിൽ ദിവാകരൻ മകൻ രാജീവ് (40) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം മാടപ്പാട് ഭാഗത്തുള്ള തടി മുറിച്ചു കൊടുക്കുന്ന കോൺട്രാക്ട് ജോലി ഏറ്റെടുത്ത് നടത്തിയിരുന്ന ആളുടെ വാടക വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വില വരുന്ന മൂന്ന് മെഷീൻ വാളുകൾ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു.
കോൺട്രാക്ടർ മരം മുറിക്കാൻ ആളെ ആവശ്യമുണ്ട് എന്ന് പരസ്യം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ യുവാവ് കോൺട്രാക്ടറുടെ വാടകവീട്ടിൽ വന്ന് താമസിക്കുകയും അടുത്തദിവസം വാളുകളുമായി കടന്നുകളയുകയുമായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ മുണ്ടക്കയത്ത് നിന്ന് പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ പ്രശോഭ് കെ.കെ, സി.പി.ഓ മാരായ സെയ്‌ഫുദ്ദീൻ, ഡെന്നി പി.ജോയ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.