04 March, 2023 07:35:45 PM
എലിക്കുളത്ത് യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാള്‍ കൂടി അറസ്റ്റില്‍

കോട്ടയം : എലിക്കുളം കുരുവിക്കൂട് കവലയിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പൂവരണി ഇടമറ്റം ഭാഗത്ത് നടുക്കുഴിയിൽ വീട്ടിൽ റെജി മകൻ അഭിജിത്ത് (23) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് കുരുവിക്കൂട് ഭാഗത്ത് വച്ച് കുരുവിക്കൂട് സ്വദേശികളായ യുവാക്കളെ കമ്പിവടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
തുടർന്ന് ഒളിവിൽ പോയ പ്രതികളായ ചന്തു സാബു, നെബു ലോറൻസ്, അഖിൽ കെ.സുധാകരൻ, ആകാശ് രാജു, അവിനാശ് രാജു, സീജൻ കെ.പി, ബിനു.ജി, റെജി എൻ.ആർ എന്നിവരെ കഴിഞ്ഞ ദിവസം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പല സ്ഥലങ്ങളിൽ നന്നായി പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അഭിജിത്ത് കൂടി പോലീസിന്റെ പിടിയിലാവുന്നത്.
പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്. ഓ രാജേഷ് എൻ, എസ്.ഐ അഭിലാഷ് പി.റ്റി, എ.എസ്.ഐ അജിത് കുമാർ,സി പി.ഓ മാരായ ജയകുമാർ, കിരൺ കെ. കർത്താ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.