02 March, 2023 03:52:08 PM
എരുമക്കുട്ടിയുടെ ജഡം പോസ്റ്റുമാര്‍ട്ടം ചെയ്യാന്‍ കൈക്കൂലി: മൃഗഡോക്ടര്‍ അറസ്റ്റില്‍

കോട്ടയം: പനച്ചിക്കാട് എരുമക്കുട്ടിയുടെ ജഡം പോസ്റ്റുമാര്‍ട്ടം ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ മൃഗഡോക്ടര്‍ അറസ്റ്റില്‍. പനച്ചിക്കാട് മൃഗാശുപത്രിയിലെ മൃഗഡോക്ടറായ ഡോ. ജിഷാ കെ. ജെയിംസാണ് ഇന്ന് വിജിലന്‍സിന്‍റെ പിടിയിലായത്. അമേരിക്കയിൽ നിന്നും പോലീസ് ഓഫീസറായി റിട്ടയർ ചെയ്ത പനച്ചിക്കാട് കുഴിമറ്റം സ്വദേശിയുടെ പരാതിയിലാണ് ഡോക്ടര്‍ പിടിയിലായത്.
ഇദ്ദേഹത്തിന്‍റെ ഫാമിൽ വളർത്തിയ എരുമക്കുട്ടിയുടെ മരണകാരണം വ്യക്തമാകുവാനായി പോസ്റ്റ് മോർട്ടം നടത്തിയതിന് 1000/- രൂപ കൈക്കൂലിയായി ഡോക്ടര്‍ ആവശ്യപ്പെട്ടു. തുടർന്ന് ഫാമുടമ കോട്ടയം വിജിലൻസിൽ പരാതി നൽകുകയായിരുന്നു. വിജിലൻസ് ആന്‍റ് ആന്‍റി കറപ്ഷൻ ബ്യൂറോ, കിഴക്കൻ മേഖല കോട്ടയം പോലീസ് സൂപ്രണ്ട് വി. ജി. വിനോദ്കുമാറിന്‍റെ നിർദ്ദേശ പ്രകാരം കോട്ടയം യൂണിറ്റ് വിജിലൻസ് ഡിവൈഎസ്പി വി. ആര്‍. രവികുമാറിന്‍റെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ പ്രദീപ് എസ്, സജു എസ്. ദാസ്, രമേഷ് ജി എന്നിവരുൾപ്പെട്ട വിജിലൻസ് സംഘമാണ് വെറ്ററിനറി ഡോക്ടർ ജിഷയെ പിടികൂടിയത്.
വിജിലൻസ് ഓഫീസിൽ നിന്ന് നൽകിയ ഫിനോഫ്തലിൻ പൌഡർ പുരട്ടിയ 1,000/- രൂപ പരാതിക്കാരനിൽ നിന്നും ഇന്ന് രാവിലെ 12.30 മണിയോട് കൂടി കോട്ടയം പനച്ചിക്കാടുള്ള മൃഗാശുപത്രിയിലെ തന്‍റെ ക്യാബിനിൽ വച്ച് ഡോക്ടർ കൈപ്പറ്റുകയായിരുന്നു. വിജിലൻസ് സംഘത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ സ്റ്റാൻലി തോമസ്, പ്രദീപ് പി. എൻ. ജയ്മാൻ വി. എം., സുരേഷ് കുമാർ ബി., സുരേഷ് കെ. എൻ., സാബു വി. റ്റി., അസി. സബ്ബ് ഇൻസ്പെക്ടർമാരായ രഞ്ജിനി കെ. പി., സുരേഷ് കെ. ആർ., അനിൽ കുമാർ കെ. എസ്., സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജേഷ് റ്റി. പി., സൂരജ് എ. പി. സിവിൽ പോലീസ് ഓഫീസർ ജാൻസി എന്നിവരും ഉണ്ടായിരുന്നു.