25 February, 2023 08:07:59 AM
ജെമിനി ഗ്രാൻഡ് സർക്കസ് അക്ഷരനഗരിയിൽ മാർച്ച് 6 വരെ മാത്രം

കോട്ടയം : അക്ഷരനഗരിയിലെ മാന്ത്രികക്കാഴ്‌ചകളുടെ കൂടാരത്തിൽ ജെമിനി ഗ്രാൻഡ് സർക്കസ് ഇനി ഏതാനും ദിവസങ്ങള്‍ കൂടി. സാഹസികതയുടെ അപാരത വെളിവാക്കുന്ന പ്രകടനങ്ങളും കുട്ടിക്കോമാളികളുടെ തമാശകളും കോട്ടയത്തെ കാണികളിൽ ഹരം പകരുന്നത് മാര്‍ച്ച് ആറ് വരെ മാത്രം. കോവിഡ് മഹാമാരിക്കുശേഷം ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്ത് അടിമുടി മാറ്റങ്ങളോടെയെത്തിയ ജെമിനി സര്‍ക്കസിനെ കോട്ടയംകാര്‍ വളരെ ആഹ്ലാദത്തോടെയാണ് വരവേറ്റത്.
മെയ്‌വഴക്കവും മനസ്സടക്കവും കൊണ്ട് കാണികളെ കൌതുകത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തിയുള്ള അഭ്യാസങ്ങള്‍. ആഫ്രിക്കൻ കലാകാരന്മാരാണു സർക്കസിന്‍റെ പ്രധാന ആകർഷണം. ആട്ടവും ചാട്ടവുമായെത്തുന്ന ഇവരുടെ കോമിക് ക്ലൗൺ ചെയർ കണ്ണിമ വെട്ടാതെ കണ്ടിരിക്കാം. അതിവേഗം മാറി മറിയുന്ന മനുഷ്യ പിരമിഡുകൾ, പോൾ അക്രോബാറ്റിക്സ്, റോളർ ജഗ്ളിങ് തുടങ്ങി ഏകാഗ്രതയും ശരീരവഴക്കവും തെളിയിക്കുന്ന അഭ്യാസങ്ങളിലൂടെ ഏഴംഗ ആഫ്രിക്കൻ സംഘം കാണികളുടെ കയ്യടി നേടി മുന്നേറുന്നു.
ഡബിൾ സാരി അക്രോബാറ്റ്, ഡബിൾ ബോൺലെസ് ആക്ട്, ഗ്ലോബിനകത്തെ മോട്ടർ സൈക്കിൾ അഭ്യാസം, ഫ്ലയിങ് ട്രപ്പീസ്, സ്പ്രിങ് ബോർഡ് അക്രോബാറ്റ്, റഷ്യൻ റോപ് അക്രോബാറ്റ്, സ്കേറ്റിങ് തുടങ്ങിയ അഭ്യാസങ്ങള്‍ക്കുപുറമെ ഉയരത്തിൽ കറങ്ങുന്ന റിങ്ങിനു മുകളിലൂടെ കണ്ണുകെട്ടി ഞൊടിയിടയിൽ ഓടിക്കളിക്കുന്ന അമേരിക്കൻ വീൽ ഓൺ സ്പെയ്സ് കാഴ്ചക്കാരുടെ നെഞ്ചിടിപ്പു കൂട്ടും. ആകെ 23 ഇനം അഭ്യാസങ്ങളാണ് അരങ്ങേറുന്നത്.
മൈതാന വാടകയും വിവിധ ലൈസൻസുകൾക്കുള്ള ഫീസുകള്‍ കൂട്ടിയതും മൃഗങ്ങളെ പ്രദർശിപ്പിക്കുന്നതിനുള്ള വിലക്കും പരിശീലകരെ ലഭിക്കാത്തതും കോവിഡ് കാലത്തു നാട്ടിൽ പോയ കലാകാരന്മാർ തിരികെയെത്താത്തതും ഉൾപ്പെടെ സർക്കസ് നേരിടുന്ന പ്രതിസന്ധികള്‍ ഏറെയാണ്. മുൻപ് 400 പേർ ഉണ്ടായിരുന്നു. കലാകാരന്മാരും മറ്റു ജീവനക്കാരുമടക്കം 140 പേരാണിപ്പോൾ ജെമിനിയിലുള്ളത്. ഇവരിൽ 10 പേർ വനിതകളാണ്. നാഗമ്പടം മൈതാനത്തെ കൂടാരത്തിൽ ദിവസവും ഉച്ചയ്ക്ക് 1, വൈകിട്ട് 4, രാത്രി 7 എന്നീ സമയങ്ങളിലാണു പ്രദർശനം. 100, 150, 200, 300 എന്നിങ്ങനെയാണു ടിക്കറ്റ് നിരക്ക്.
1951ല്‍ കണ്ണൂര്‍ സ്വദേശി എം.വി.ശങ്കരന്‍ തുടങ്ങിവെച്ചതാണ് ജെമിനി സര്‍ക്കസ്. അദ്ദേഹത്തിന്‍റെ മകന്‍ അജയ് ശങ്കറാണ് ഇപ്പോള്‍ സര്‍ക്കസിന്‍റെ സാരഥി. കോവിഡ് മഹാമാരിയോടെ പ്രവര്‍ത്തനം നിലച്ച സര്‍ക്കസ് കമ്പനി ഏതാനു മാസം മുമ്പാണ് വീണ്ടും സജീവമായത്. ഇതിനുശേഷം കേരളത്തില്‍ മൂന്നാമത്തെ വേദിയാണ് കോട്ടയം. ഇതിന് മുമ്പ് കുന്ദംകുളം, തിരുനാവായ എന്നിവിടങ്ങളിലായിരുന്നു. ജംബോ സര്‍ക്കസ് ജമിനി സര്‍ക്കസിന്‍റെ സഹോദരസ്ഥാപനമാണ്.