20 February, 2023 06:27:46 PM
കോട്ടയം നഗരസഭ: എൽഡിഎഫിന്‍റെ അവിശ്വാസ പ്രമേയനീക്കം പരാജയം; യുഡിഎഫിന് ആശ്വാസം

കോട്ടയം: നഗരസഭയിലെ എൽഡിഎഫിന്‍റെ അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു. യുഡിഎഫിന് ആശ്വാസം. നടപടി യുഡിഎഫ് - ബിജെപി നീക്കുപോക്കുകളുടെ ഭാഗമായാണെന്ന് പ്രതിപക്ഷ ആരോപണം. ബിജെപിയുടെ എട്ട് അംഗങ്ങൾ വിട്ടു നിന്നതോടെ ക്വാറം തികയാത്തതിനെ തുടർന്ന് വിശ്വാസം ചർച്ചയ്ക്ക് എടുക്കാനാവില്ല എന്ന് വരണാധികാരി യോഗത്തെ അറിയിക്കുകയായിരുന്നു.
എൽഡിഎഫിലെ 22 അംഗങ്ങൾ മാത്രമാണ് യുഡിഎഫിലെ നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യനെതിരായ അവിശ്വാസ പ്രമേയം, ചർച്ച ചെയ്യാനായി വിളിച്ച് ചേർത്ത യോഗത്തിൽ ഹാജരായിരുന്നത്. യുഡിഎഫിലെ 21 അംഗങ്ങളും, ബിജെപിയിലെ എട്ട് അംഗങ്ങളും വിട്ടുനിന്നു. ധാർമികതയുടെ പേരിൽ അവിശ്വാസത്തെ പിന്തുണക്കേണ്ടതില്ല എന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്.
ഒരു കോൺഗ്രസ് അംഗത്തിന്‍റെ നിര്യാണത്തെ തുടർന്ന് 21 പേരാണ് നിലവിൽ യുഡിഎഫിൽ ഉള്ളത്. ഈ സാഹചര്യം മുതലാക്കി അവിശ്വാസം അവതരിപ്പിച്ച് ഭരണത്തിലേറാൻ എൽഡിഎഫ് കൊണ്ടുവന്നിരിക്കുന്ന പ്രമേയം അനവസരത്തിലാണെന്ന് ബിജെപി കൗൺസിലർമാർ പറഞ്ഞു. ഇതു മൂലം പിന്തുണക്കേണ്ടതില്ലെന്ന നിലപാട് ബി ജെ പി ജില്ലാ നേതൃത്വവും രാവിലെ അംഗങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു.
കോൺഗ്രസ് അംഗങ്ങൾക്ക് ഡിസിസിയും വിപ്പ് നൽകിയിരുന്നു. ഇതിനിടെ ബിജെപി അവിശ്വാസത്തിൽ പങ്കെടുക്കാതിരുന്നത് യുഡിഎഫുമായുള്ള മുൻ ധാരണയുടെയും, മറ്റ് നീക്കുപോക്കുകളുടെയും ഭാഗമായാണെന്ന് പ്രതിപക്ഷനേതാവ് ഷീജ അനിൽ ആരോപിച്ചു.