16 February, 2023 12:47:25 PM
മാലിന്യം തള്ളാനിടമാക്കി ഏറ്റുമാനൂര്‍ ബൈപാസ് റോഡ്; സമരവുമായി ഡിഎംകെ നേതാവ്

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ - മണര്‍കാട് ബൈപാസ് റോഡരികില്‍ ശുചിമുറി മാലിന്യം തള്ളുന്നതിനെതിരെ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് പരക്കെ പരാതി. നാട്ടുകാരുടെ പരാതികള്‍ തുടര്‍ച്ചയായി ഉയരുന്നതിനിടെ പ്രത്യക്ഷ സമരപരിപാടിയുമായി ഡിഎംകെ നേതാവ് രംഗത്ത്.
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന ഡിഎംകെയുടെ കോട്ടയം ജില്ലാ സെക്രട്ടറി കോട്ടയം ഗോപകുമാര്‍ നാളെ ബൈപാസ് റോഡ് തുടങ്ങുന്ന പട്ടിത്താനം ജംഗ്ഷനില്‍ കുട്ടിയിരുപ്പ് സത്യാഗ്രഹം പ്രഖ്യാപിച്ചു. രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് സത്യാഗ്രഹം.
ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ക്ഷേത്രപരിസരത്തു കൂടിയുള്ള റോഡ് മലീമസമാകാതെ സൂക്ഷിക്കേണ്ടത് പൊതുമരാമത്ത് വകുപ്പിനൊപ്പം ഏറ്റുമാനൂര്‍ നഗരസഭയുടെ കൂടി കടമയാണ്. എന്നാല്‍ അധികൃതര്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നാണ് ഗോപകുമാറിന്‍റെ ആരോപണം.
ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് താത്ക്കാലിക വ്യാപാരികളുടെ മേല്‍ നിയന്ത്രണം വേണമെന്ന ആവശ്യവും ഗോപകുമാര്‍ മുന്നോട്ടുവെക്കുന്നു. കത്തി തുടങ്ങിയ മാരകായുധങ്ങളും മറ്റും റോഡരികില്‍ ആര്‍ക്കും പെട്ടെന്ന് എടുക്കാവുന്ന അവസ്ഥയില്‍ പ്രദര്‍ശിപ്പിച്ചാണ് വ്യാപാരം. ലഹരിമാഫിയാകളുടെ ഏറ്റുമുട്ടല്‍ ഉത്സവപറമ്പുകളിലും മറ്റും നിത്യസംഭവമായിരിക്കുകയാണ്. വില്‍പനയ്ക്കുവെച്ചിരിക്കുന്ന ഇത്തരം ആയുധങ്ങള്‍ ആര്‍ക്കും എളുപ്പം കരസ്ഥമാക്കാമെന്ന സാഹചര്യം ഒഴിവാക്കി കച്ചവടം നടത്താന്‍ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് ഗോപകുമാര്‍ കോട്ടയം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.
ക്ഷേത്രപരിസരത്തെ ഭക്ഷണശാലകളില്‍ കൃത്യമായ രീതിയില്‍ ദിവസേന പരിശോധനകള്‍ നടത്തണം. ഉത്സവത്തിന് എത്തിക്കുന്ന ആനകളെ സര്‍ക്കാര്‍ മൃഗഡോക്ടര്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കിയശേഷമേ എഴുന്നള്ളത്തിന് ഇറക്കാവു എന്നും കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ഗോപകുമാര്‍ ആവശ്യപ്പെടുന്നു.