16 February, 2023 11:04:33 AM
അധ്യാപികയുടെ മരണം: വിജയം കണ്ടത് നീതിക്കായുള്ള മൂന്ന് വര്‍ഷത്തെ ഭര്‍ത്താവിന്‍റെ പോരാട്ടം

കോട്ടയം: ചികിത്സാപിഴവിലൂടെ തന്‍റെ പ്രിയതമയുടെ ജീവന്‍ നഷ്ടമായതിനെതുടര്‍ന്ന് മൂന്ന് വര്‍ഷത്തോളം നീണ്ട പോരാട്ടത്തിനൊടുവില്‍ അഭിഭാഷകന് നീതി ലഭിച്ചു. കേസ് അന്വേഷണത്തിൽ പലപ്പോഴും അട്ടിമറി നടന്നിട്ടും നിയമത്തിന്‍റെ വഴിയിലൂടെ നടത്തിയ പോരാട്ടത്തിനൊടുവിൽ ക്രൈം ബ്രാഞ്ച് ചികിത്സാപിഴവ് ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട ഡോക്ടര്‍ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ആശുപത്രി ഉടമയും ഗൈനക്കോളജി വിഭാഗം പ്രധാന ഡോക്ടറുമായ ഡോ. ജയ്‌പാൽ ജോൺസണെതിരെയാണ് നടപടി.
2020 ഏപ്രിൽ 24 നാണ് കോട്ടയം തെള്ളകത്തുള്ള മിറ്റേര ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് അദ്ധ്യാപികയും കോട്ടയം ബാറിലെ അഭിഭാഷകന്‍ പേരൂർ തച്ചനാട്ടിൽ അഡ്വ.ടി എൻ രാജേഷിന്‍റെ ഭാര്യയുമായ ജി എസ് ലക്ഷ്മി മരണമടഞ്ഞത്. സാധാരണ പ്രസവത്തിലൂടെ ലക്ഷ്മി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതിനെ തുടർന്നുണ്ടായ അമിത രക്തസ്രാവമാണ് ലക്ഷ്മിയുടെ മരണത്തിന് കാരണമായത്. അമിത രക്തസ്രാവം ഉണ്ടായതിനെതുടര്‍ന്ന് ഗർഭപാത്രം മാറ്റിയെന്നാണ് ആശുപത്രി അധികൃതർ ബന്ധുക്കളെ ആദ്യം അറിയിച്ചത്. പിന്നീട് രാത്രി ഒൻപത് മണിയോടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്നും യുവതി മരിച്ചതായും അറിയിച്ചു.
ഇതോടെ ലക്ഷ്മിയുടെ മരണത്തിന് പിന്നില്‍ ഗുരുതര ചികിത്സാ പിഴവാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ ഏറ്റുമാനൂർ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ആശുപത്രിക്ക് വീഴ്ചയുണ്ടായിട്ടില്ല എന്നായിരുണു ജില്ലാ മെഡിക്കൽ ഓഫീസർ എൻ പ്രിയ കണ്‍വീനറായുള്ള 7 അംഗ മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയത്. മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് മെഡിക്കൽ ബോർഡ് 4 പേർക്ക് പകരം 7 അംഗങ്ങളാക്കിയത് എന്നും ആശുപത്രിയുടെ സ്വാധീനത്തിൽ അട്ടിമറി നടന്നതായും ബന്ധുക്കൾ ആരോപിച്ചിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചതോടെയാണ് ജില്ലാ മെഡിക്കൽ ഓഫീസർ ഉൾപ്പടെ 7 അംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചത്.
എന്നാല്‍ മരുന്നുകൾ കൃത്യ സമയത്ത് നൽകാത്തതും മറ്റുമാണ് യുവതി മരിക്കാൻ കാരണമെന്ന ബന്ധുക്കളുടെ ആരോപണം ശരിവെക്കുന്നതായിരുന്നു മെഡിക്കൽ ബോർഡിന്റെ സംസ്ഥാന ഉന്നതാധികാര സമിതിയുടെ കണ്ടെത്തൽ. ഗുരുതര വീഴ്ച്ച സംഭവിച്ചതായി കണ്ടതെതിയതിനെതുടര്‍ന്ന് നടന്ന ക്രൈം ബ്രാഞ്ച് അന്വേഷണത്തിനൊടുവില്‍ ആശുപത്രി ഉടമയും ഗൈനക്കോളജി വിഭാഗം പ്രധാന ഡോക്ടറുമായ ഡോ. ജയ്‌പാൽ ജോൺസണെതിരെ കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചു. ഡോ. ജയ്‌പാൽ ജോൺസണെതിരെയും മിറ്റേര ആശുപത്രിക്കെതിരെയും ഐ പി സി 304 എ വകുപ്പ് ചുമത്തിയാണ് ക്രൈം ബ്രാഞ്ച് ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
കോട്ടയം മെഡിക്കൽ കോളേജ് ആർ എം ഓ ഡോ.ആർ പി രഞ്ജിൻ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ.ലിസിയമ്മ ജോർജ്, ജില്ലാ ആർ സി എച് മെഡിക്കൽ ഓഫീസർ ഡോ.സി ജെ സിത്താര എന്നിവരടങ്ങുന്ന സംഘമാണ് ആദ്യം സംഭവത്തിൽ അന്വേഷിച്ചു റിപ്പോർട്ട് നൽകിയത്. ബോര്‍ഡിലെ ഭിന്നാഭിപ്രായത്തെ തുടർന്ന് വിഷയം മെഡിക്കൽ ബോർഡിന്റെ സംസ്ഥാന ഉന്നതാധികാര സമിതിയുടെ പക്കൽ എത്തുകയും അന്വേഷണം നടത്തുകയുമായിരുന്നു.
ആശുപത്രി അധികൃതരുടെ ഭാഗത്ത് ഗുരുതരവീഴ്ച്ച സംഭവിച്ചതായി സർക്കാരിന്‍റെ മെറ്റേണൽ ഡെത്ത് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. മെച്ചപ്പെട്ട ചികിത്സ ലഭിച്ചില്ലെന്നും രക്തം നൽകുകയോ കരുതുകയോ ചെയ്തിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ബ്ലഡ് ബാങ്ക് പോലും ഈ ആശുപത്രിയിൽ നിലവിലില്ല എന്നും മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്താൻ ആശുപത്രിക്ക് കഴിഞ്ഞില്ല. ലക്ഷ്മിയുടെ അവസ്ഥ ഗുരുതരമായപ്പോഴും വിദഗ്ധരുടെ സേവനം തേടാനോ മറ്റു ആശുപത്രികളുടെ സേവനം തേടാനോ ആശുപത്രി അധികൃതർ തയ്യാറായിരുന്നില്ല എന്നും സർക്കാരിന്‍റെ മെറ്റേണൽ ഡെത്ത് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എന്നാൽ ഈ റിപ്പോർട്ട് മെഡിക്കൽ ബോർഡിലെ ചില അംഗങ്ങൾ ശരിവെക്കുമ്പോഴും ഡോക്ടറുടെ ഭാഗത്തു നിന്നോ ആശുപത്രിയുടെ ഭാഗത്തു നിന്നോ അശ്രദ്ധയോ വീഴ്ചയോ ഉണ്ടായിട്ടില്ല എന്നാണു ജില്ലാ മെഡിക്കൽ ഓഫീസർ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇത് സാധൂകരിക്കുന്ന വിവരങ്ങൾ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടില്ല. ഇതോടെയാണ് ആശുപത്രിയുടെ സ്വാധീനഫലമായി ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ അട്ടിമറി നടന്നതായി ബന്ധുക്കൾ ആരോപിച്ചത്.
രക്തസ്രാവം ഉണ്ടായ സമയത്ത് വിവരം തങ്ങളെ അറിയിക്കുകയോ മരുന്നുകൾ വാങ്ങാൻ നിർദേശം നൽകുകയോ ചെയ്തിരുന്നില്ല എന്നും ബന്ധുക്കൾ പറയുന്നു. കൃത്യസമയത്ത് വിവരങ്ങൾ നല്‍കുകയോ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റുകയോ ചെയ്തിരുന്നെങ്കില്‍ ലക്ഷ്മിയുടെ ജീവൻ രക്ഷിക്കാമായിരുന്നു. സംഭവത്തിൽ 4 മാസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ ഹൈക്കോടതി ക്രൈം ബ്രാഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഡോക്ടര്‍ക്കെതിരെയും ആശുപത്രിക്ക് എതിരെയും ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
ഹെൽത്ത് സർവ്വീസ് ഡയറക്ടർ ഡോ. പി പി പ്രീത കൺവീനറായും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ഷാജി ടി സ്, മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ തോമസ് മാത്യു, അഡീഷണൽ ഡയറക്ടർ ഓഫ് ഹെൽത്ത് സർവ്വീസ് ഡോ ജോസ് ജി ഡിക്രൂസ്, എന്നിവരടങ്ങുന്ന മെഡിക്കൽ ബോർഡിന്റെ സംസ്ഥാന ഉന്നതാധികാര സമിതിയാണ് ആശുപത്രിക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചതായി കണ്ടെത്തിയത്. കോട്ടയം ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ടി.എം വർഗീസ് ആണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. വിവിധ ഡോക്ടർമാരടക്കം നാല്പതോളം പേരുടെ സാക്ഷി മൊഴികളാണ് ഇരുനൂറ്റി അൻപത് പേജുള്ള കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.