13 February, 2023 02:52:56 PM
കോട്ടയം മെഡിക്കല്‍ കോളേജില്‍ വന്‍ അഗ്നിബാധ; തീപിടിച്ചത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വന്‍തീപിടുത്തം. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഡയാലിസിസ് വാര്‍ഡിന് സമീപം ജനറല്‍ സര്‍ജറി വിഭാഗത്തിനായി നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ അഗ്നിബാധയുണ്ടായത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. എട്ടുനിലകളില്‍ പണിയുന്ന കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍നിന്നാണ് തീ ഉയര്‍ന്നത്. നിമിഷങ്ങള്‍ക്കകം മുകളിലെ നിലകളിലേക്കും വ്യാപിക്കുകയായിരുന്നു.
നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകളും മറ്റും പൊട്ടിതെറിച്ചത് അപകടത്തിന്‍റെ വ്യാപ്തി വര്‍ധിപ്പിച്ചു. നിര്‍മ്മാണ തൊഴിലാളികള്‍ ഇതേ കെട്ടിടത്തില്‍ ആഹാരം പാകം ചെയ്തിരുന്നതായും പറയുന്നു. ഇതില്‍ നിന്നാണോ തീ പടര്‍ന്നത് എന്ന സംശയവുമുയര്‍ന്നിട്ടുണ്ട്. കെട്ടിടം ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. ജില്ലയുടെ വിവിധഭാഗങ്ങളില്‍നിന്നെത്തിയ പത്തോളം അഗ്നിരക്ഷാസേനാ യൂണിറ്റുകളുടെ ശ്രമഫലമായി രണ്ട് മണിയോടെ തീ നിയന്ത്രണവിധേയമാക്കി.
തീയും, പുകയും ഉയർന്നതോടെ സമീപവാർഡിലെ രോഗികളെ ഒഴിപ്പിച്ചു. ആശുപത്രിയുടെ മൂന്നാം വാർഡിന്‍റെ പിൻഭാഗത്താണ് പുതിയ എട്ട് നില കെട്ടിടം നിർമ്മിക്കുന്നത്. ഇതേ തുടർന്ന് മൂന്ന്, നാല് വാർഡുകളിലെയും ഡയാലിസിസ് വാര്‍ഡിലെയും നൂറിലധികം വരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും ഒഴിപ്പിച്ചു. ഒരു സ്വകാര്യ ഏജന്‍സിക്കായിരുന്നു കെട്ടിടത്തിന്‍റെ നിര്‍മ്മാണചുമതല.
കോട്ടയം മെഡിക്കല്‍ കോളേജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മാത്രമായി ഒരു അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറും മൂന്ന് അസിസ്റ്റന്‍റ് എഞ്ചിനീയര്‍മാരും ഉള്‍പ്പെടെ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്‍റെ സ്പെഷ്യല്‍ സബ്ഡിവിഷന്‍ ഗാന്ധിനഗറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ മാറ്റിനിര്‍ത്തിയാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് കെട്ടിടങ്ങളുടെ നിര്‍മ്മാണചുമതല നല്‍കിയത്.