12 February, 2023 10:44:27 PM
സര്‍ക്കസ് കൂടാരത്തില്‍ ആദ്യമായി റോബോട്ടിക് മൃഗങ്ങളെ അവതരിപ്പിച്ച് ജെമിനി സര്‍ക്കസ്

കോട്ടയം: സര്‍ക്കസ് കൂടാരത്തില്‍ ഇനി റോബോട്ടിക് മൃഗങ്ങളും. കോട്ടയം നാഗമ്പടം മൈതാനിയില്‍ ആരംഭിച്ച ജെമിനി ഗ്രാന്‍ഡ് സര്‍ക്കസ് കൂടാരത്തില്‍ ഇപ്പോള്‍ കാണികളെ വരവേല്‍ക്കുന്നത് യന്ത്രമൃഗങ്ങള്‍. വരയന്‍കുതിര, കുഞ്ഞുമായി നില്‍ക്കുന്ന കംഗാരു, ജിറാഫ്, മൃഗരാജാവ് സിംഹം തുടങ്ങിയവ കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ ആകര്‍ഷിക്കുന്നു.
സര്‍ക്കസ് കാണുന്നതിന് കൂടാരത്തിനുള്ളിലേക്ക് പ്രവേശിക്കുന്ന വഴിയുടെ ഇരുഭാഗത്തുമായാണ് റോബോട്ടിക് മൃഗങ്ങള്‍ നിലയുറപ്പിച്ചിട്ടുള്ളത്. ഇതാദ്യമായാണ് ഇന്ത്യയില്‍ ഒരു സര്‍ക്കസ് കൂടാരത്തില്‍ റോബോട്ടിക് മൃഗങ്ങളെ അണിനിരത്തുന്നതെന്ന് ജെമിനി സര്‍ക്കസ് സാരഥി അജയ് ശങ്കര്‍ കൈരളി വാര്‍ത്തയോട് പറഞ്ഞു.

നീണ്ട പതിനാല് വര്‍ഷത്തിനുശേഷമാണ് മിന്നും പ്രകടനങ്ങളുമായി ജെമിനി ഗ്രാന്‍റ് സര്‍ക്കസ് വീണ്ടും അക്ഷരനഗരിയില്‍ എത്തുന്നത്. കോട്ടയം നാഗമ്പടം മൈതാനിയില്‍ ഫെബ്രുവരി 5ന് ആരംഭിച്ച സര്‍ക്കസ് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. എല്ലാ ദിവസവും മൂന്ന് ഷോകളാണ് ഉള്ളത്. ഉച്ചകഴിഞ്ഞ് ഒരു മണിക്കും നാല് മണിക്കും ഏഴ് മണിക്കും. 100, 150, 200, 300 എന്നിങ്ങനെ നാല് നിരക്കുകളിലാണ് സീറ്റുകള്‍ ക്രമീകരിച്ചിട്ടുള്ളത്.
റിംഗ് ഡാന്‍സ്, ഗ്ലോബ് റൈഡിംഗ്, റിംഗ് ഡാന്‍സ്, വനിതകളുടെ സൈക്കിള്‍അഭ്യാസം, ഊഞ്ഞാലാട്ടം, റഷ്യന്‍ റിംഗ് അക്രോബാറ്റ് തുടങ്ങി അത്ഭുതങ്ങളുടെയും അഭ്യാസപ്രകടനങ്ങളുടെയും കാണാത്ത കാഴ്ചകളുമായാണ് ജമിനി സര്‍ക്കസ് വീണ്ടും കോട്ടയത്ത് എത്തിയിരിക്കുന്നത്.

1951ല്‍ കണ്ണൂര്‍ സ്വദേശി എം.വി.ശങ്കരന്‍ തുടങ്ങിവെച്ചതാണ് ജമിനി സര്‍ക്കസ്. അദ്ദേഹത്തിന്‍റെ മകന്‍ അജയ് ശങ്കറാണ് ഇപ്പോള്‍ സര്‍ക്കസിന്‍റെ മേല്‍നോട്ടം വഹിക്കുന്നത്. കോവിഡ് മഹാമാരിയോടെ പ്രവര്‍ത്തനം നിലച്ച സര്‍ക്കസ് കമ്പനി ഏതാനു മാസം മുമ്പാണ് വീണ്ടും സജീവമായത്. ഇതിനുശേഷം കേരളത്തില്‍ മൂന്നാമത്തെ വേദിയാണ് കോട്ടയം. ഇതിന് മുമ്പ് കുന്ദംകുളം, തിരുനാവായ എന്നിവിടങ്ങളിലായിരുന്നു. ജംബോ സര്‍ക്കസ് ജമിനി സര്‍ക്കസിന്‍റെ സഹോദരസംരംഭമാണ്.