09 February, 2023 03:55:39 PM
മീനച്ചിലാറ്റിലെ മണ്ണെടുപ്പ്: പേരൂരിലും പാറമ്പുഴയിലും പ്രതിഷേധം വ്യാപകമാകുന്നു
ഏറ്റുമാനൂര്‍: പ്രളയം തടയാനെന്ന പേരില്‍ പരിസ്ഥിതിസംരക്ഷണം പേലും മറന്ന് മീനച്ചിലാറ്റിലെ മണ്ണെടുപ്പ് തുടരുന്നതിനിടെ നാട്ടുകാരുടെ പ്രതിഷേധം വ്യാപകമാകുന്നു. കോട്ടയം പാറമ്പുഴ വെള്ളൂപ്പറമ്പ് അർത്യാകുളം പിച്ചകശ്ശേരിമാലി ഭാഗത്താണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്.
മീനച്ചിലാറിന് വീതി കൂട്ടാൻ എന്ന പേരിലാണ് മണ്ണെടുപ്പ്. ഇങ്ങനെ മണ്ണ് മാറ്റിയാല്‍ പ്രളയം തടയാനാവുമെന്നാണ് അധികൃതരുടെ വാദം. സ്ഥലത്ത് ജനകീയ പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് കൗൺസിലർ സാബു മാത്യു അടക്കം നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ആറ്റുതീരത്ത് അടിഞ്ഞുകൂടിയ എക്കലുള്‍പ്പെടെ മണ്ണ് കുഴിച്ചെടുത്ത് മാറ്റുന്നത് നിരവധി പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നിരിക്കെയാണ് അതിനൊക്കെ നേരെ കണ്ണടച്ചുകൊണ്ടുള്ള നടപടി. എതിര്‍പ്പ് അവഗണിച്ച് മണൽ എടുക്കുന്നതിനൊപ്പം ആറ്റുതീരത്തെ വീടുകൾക്കായി സംരക്ഷണഭിത്തി നിർമ്മിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. അറസ്റ്റ് ചെയ്തവരെ പിന്നീട് വിട്ടയച്ചു.