07 February, 2023 05:57:53 PM


ഏറ്റുമാനൂരില്‍ പിടിച്ചെടുത്ത മീനിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ 'ക്ലീന്‍ചിറ്റ്'



ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ ഇന്നലെ പിടിച്ചെടുത്ത മീന്‍ പഴക്കം ചെന്നതല്ലെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്. മൂന്ന് ദിവസമായി ഏറ്റുമാനൂര്‍ നഗരത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന കണ്ടെയ്നര്‍ ലോറിയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്ന സാഹചര്യത്തില്‍ കണ്ടെത്തിയ മത്സ്യത്തിനാണ് ഭക്ഷ്യസുരക്ഷാവകുപ്പ് 'ക്ലീന്‍ ചിറ്റ്' നല്‍കിയത്. നാട്ടുകാരുടെ പരാതിയെതുടര്‍ന്ന് നഗരസഭാ ആരോഗ്യവിഭാഗത്തിന്‍റെ നേതൃത്വത്തില്‍ പരിശോധനയിലാണ് മൂന്ന് ടണ്‍ വരുന്ന 'വറ്റ' ഇനത്തില്‍പെട്ട മത്സ്യം പിടിച്ചെടുത്തത്. ഒറ്റനോട്ടത്തില്‍ മീന്‍ പഴകിയതുതന്നെയെന്ന് സ്ഥലത്തെത്തിയ എല്ലാവരും വിലയിരുത്തിയിരുന്നു.


ശനിയാഴ്ച ഏറ്റുമാനൂര്‍ ചിറക്കുളത്തിനുസമീപം എത്തി പാര്‍ക്കുചെയ്തിരുന്ന വാഹനത്തില്‍നിന്നും ഇന്നലെ വൈകിട്ട് ആറുമണിയോടയോണ് മത്സ്യം പിടിച്ചെടുത്തത്. ഇതിനോടകം പല വ്യാപാരികളും ഈ കണ്ടെയ്നര്‍ ലോറിയില്‍നിന്നും ജില്ലയുടെ പല ഭാഗങ്ങളിലേക്കും മീന്‍ കൊണ്ടുപോയിരുന്നു എന്നും പറയുന്നു. സ്ഥലത്തെത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ മീനിന്‍റെയും ഐസിന്‍റെയും സാമ്പിളുകള്‍ എടുത്ത് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇന്ന് വന്ന പരിശോധനാഫലത്തിലാണ് മീനിന് പഴക്കമില്ലെന്ന കണ്ടെത്തല്‍. വിശാഖപട്ടണത്തുനിന്നും മീന്‍ കൊണ്ടവന്ന തെര്‍മോക്കോള്‍ പെട്ടികളില്‍ ഉപയോഗിച്ച ഐസിലും മീനിലും വിഷാംശമോ മറ്റ് രാസപദാര്‍ഥങ്ങളോ അടങ്ങിയിട്ടില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞതായും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ കൈരളി വാര്‍ത്തയോട് പറഞ്ഞു.


എന്നാല്‍ സംഭവത്തില്‍ ദുരൂഹത വീണ്ടും തുടരുകയാണ്. ഈ മീന്‍ വിശാഖപട്ടണത്ത് നിന്ന്ആര് കൊടുത്തുവിട്ടതെന്നോ ഏറ്റുമാനൂരില്‍ ആര്‍ക്കുവേണ്ടിയാണ് എത്തിച്ചതെന്നോ തുടങ്ങിയ കാര്യങ്ങള്‍ ഇനിയും അധികൃതര്‍ക്ക് കണ്ടെത്താനായിട്ടില്ല. ഇന്നലെ വിളിച്ച ഫോണ്‍നമ്പരുകള്‍ ഒന്നും പ്രതികരിക്കുന്നില്ലാ എന്നായിരുന്നു നഗരസഭാ അധികൃതര്‍ പറഞ്ഞത്. അതേസമയം  വ്യത്യസ്തമായ പേരുകള്‍ ലോറി ഡ്രൈവറായ തമിഴ്നാട് സ്വദേശി പറയുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ഇതിനിടെ ഡ്രൈവര്‍ക്ക് ഇന്നലെ ഭീഷണി നിറഞ്ഞ ഫോണ്‍വിളി എത്തിയതും ദുരൂഹത പടര്‍ത്തുന്നു.


രണ്ട് സംസ്ഥാനങ്ങള്‍ കടന്ന് മീന്‍ ഏറ്റുമാനൂരില്‍ എത്തിയതാകട്ടെ മതിയായ രേഖകളില്ലാതെ. അതിര്‍ത്തി കടന്നുവരുന്ന മീനും പാലും ഒന്നും ജിഎസ്ടി പരിധിയില്‍ വരുന്നതല്ലെന്നും സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിനാണ് ഇതിന്‍റെ  ചുമതലയെന്നുമാണ് നികുതിവകുപ്പ് ചൂണ്ടികാട്ടുന്നത്. എന്നാല്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന രീതിയിലായിരുന്നു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രതികരണം. നികുതിവകുപ്പിന്‍റെ പ്രതികരണം ചൂണ്ടികാട്ടിയതോടെ അതിര്‍ത്തിയില്‍ തങ്ങള്‍ക്ക് വേണ്ടത്ര സൌകര്യങ്ങള്‍ ഇല്ലെന്നായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍.


അന്യസംസ്ഥാനങ്ങളില്‍ നിന്നും കയറ്റിവിടുന്ന ചീഞ്ഞഴുകിയ ഭക്ഷ്യപദാര്‍ഥങ്ങളാണെങ്കിലും മലയാളികള്‍ കഴിക്കാന്‍ നിര്‍ബന്ധിതരാകുന്നത് വേണ്ടത്ര പരിശോധനകള്‍ ഇല്ലാത്തതാണെന്ന് ഇവര്‍ തന്നെ സമ്മതിക്കുകയാണ് ഇതിലൂടെ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K