06 February, 2023 08:07:44 PM
പഴകി ദ്രവിച്ച മത്സ്യം ഏറ്റുമാനൂരിലും; എത്തിയത് കണ്ടയ്നര്‍ ലോറിയില്‍
ഏറ്റുമാനൂര്‍: കൊച്ചിയില്‍ രണ്ട് കണ്ടയ്നര്‍ ലോറി നിറയെ പുഴുവരിച്ച മത്സ്യം പിടികൂടിയതിന് പിന്നാലെ സമാനസംഭവം ഏറ്റുമാനൂരിലും. വിശാഖ പട്ടണത്ത് നിന്നും എത്തിയ കണ്ടയ്നര്‍ ലോറിയില്‍നിന്നും പിടിച്ചെടുത്തത് മൂന്ന് ടൺ പഴകിയ മത്സ്യം. ഏറ്റുമാനൂർ നഗരസഭാ കാര്യാലയത്തോട് ചേർന്നുള്ള ചിറകുളത്തിന് സമീപം മൂന്ന് ദിവസമായി തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറി കിടക്കാൻ തുടങ്ങിയിട്ട്.
ഇന്ന് വൈകിട്ട് 6 മണിയോടെയാണ് വാഹനത്തിൽ നിന്നും ദുർഗന്ധം വമിച്ചത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ വിവരം അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പെട്ടിയിലാക്കിയ മൂന്ന് ടൺ പഴകിയ 'വറ്റ' ഇനത്തില്‍പെട്ട മത്സ്യം കണ്ടെത്തിയത്. ലോറിയിൽ നിന്നും 20 പെട്ടി മത്സ്യം തലയോലപ്പറമ്പ് ഭാഗത്തേക്ക് പോയതായും അറിയുന്നു. ശനിയാഴ്ച രാത്രിയിലാണ് മത്സ്യവുമായി ലോറി ഏറ്റുമാനൂരിൽ എത്തിയത്.
തമിഴ്നാട്ടുകാരനായ ഡ്രൈവര്‍ മാത്രമാണ് ലോറിയില്‍ ഉണ്ടായിരുന്നത്. അധികൃതരെത്തിയപ്പോഴേക്കും ഇയാള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. പിന്നാലെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. എന്നാല്‍ മത്സ്യം ആര്‍ക്കുവേണ്ടി കൊണ്ടുവന്നതാണെന്ന് ഇയാളില്‍നിന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല. ഇയാളില്‍നിന്ന് ലഭിച്ച നമ്പരുകളില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരും ഫോണ്‍ എടുക്കുന്നില്ല. ഇതിനിടെ വിശാഖപട്ടണത്ത് നിന്ന് ഡ്രൈവറെ ഭീഷണിപ്പെടുത്തികൊണ്ടുള്ള ഫോണ്‍വിളികള്‍ എത്തിയതായും പറയുന്നു.
മുനിസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന ഷാജി, നഗരസഭ കൗൺസിലർ ടോമി പുളിമാൻതുണ്ടം, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അജിത് കുമാർ തുടങ്ങിയവർ നടപടികൾക്ക് നേതൃത്വം നൽകി. ഭക്ഷ്യസുരക്ഷാ വിഭാഗം കൂടി പരിശോധന നടത്തിയതിനുശേഷം മാത്രമേയുള്ളൂ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ. ഏറ്റുമാനൂർ പോലീസും സ്ഥലത്തെത്തി. ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിൽ മായം കലർന്നതും പഴകിയതുമായ മത്സ്യങ്ങൾ വ്യാപകമായി എത്തുന്നതും വിതരണം ചെയ്യുന്നതുമായി പരക്കെ ആക്ഷേപം ഉയർന്നിരുന്നു.