06 February, 2023 05:48:25 PM
തെള്ളകം റോഡില്‍ ഗതാഗതം നിരോധിച്ചു; കൃത്യമായ മുന്നറിയിപ്പ് ഇല്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു
ഏറ്റുമാനൂര്‍: തെള്ളകത്തുനിന്നും പേരൂര്‍ക്കുള്ള റോഡ് മുന്നറിയിപ്പില്ലാതെ അടച്ചത് നാട്ടുകാരെയും ഈ വഴിയുള്ള യാത്രക്കാരെയും വെട്ടിലാക്കി. തെള്ളകം പാടത്തിനു നടുവിലൂടെയുള്ള റോഡിലെ നടയ്ക്കൽ പാലം പൊളിച്ച് പുതിയ പാലം നിര്‍മ്മിക്കുന്നതിനായാണ് റോഡ് അടച്ചത്. എന്നാല്‍ റോഡ് അടച്ചിരിക്കുന്ന വിവരം യാത്രക്കാര്‍ക്ക് മുന്‍കൂട്ടി വഴിതിരിഞ്ഞുപോകാനുള്ള സാഹചര്യം ഒരുക്കികൊണ്ടല്ല പ്രദര്‍ശിപ്പിച്ചിരിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
വാഹനങ്ങള്‍ ഓടിച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനടുത്തെത്തുമ്പോഴാണ് റോഡ് ക്ലോസ്ഡ് എന്ന ബോര്‍ഡ് കാണാനാകുക. അതേസമയം ഇവിടെനിന്നും തിരിഞ്ഞ് അമ്പനാട് കോളനി വഴി തിരിഞ്ഞുപോകാമെങ്കിലും റോഡിന്‍റെ വീതികുറവും ശോചനീയാവസ്ഥയും യാത്രക്കാരെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നു. കാരിത്താസ്, മാതാ, മെഡിക്കല്‍ കോളേജ് തുടങ്ങിയ ആശുപത്രികളിലേക്കുള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്.
മന്നാമലയ്ക്കു ശേഷം തെള്ളകം പാടത്തിനു തൊട്ടുമുന്നേ വലത്തോട്ട് തിരിഞ്ഞ് അമ്പനാട് കോളനി വഴിയാണ് ഇപ്പോള്‍ ഗതാഗതം തിരിച്ചു വിടുന്നത്. കഷ്ടിച്ച് ഒരു വാഹനത്തിനു പോലും പോകാൻ വീതിയില്ലാത്തതും കുഴികൾ നിറഞ്ഞതുമായ റോഡിൽ വാഹനങ്ങൾ പെരുകി വന്‍കുരുക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. നടയ്ക്കൽ പാലത്തിന്‍റെ പണി തീരുവാൻ മാസങ്ങൾ എടുക്കുമെന്നിരിക്കെ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കാതെയുള്ള അധികൃതരുടെ നിലപാടില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധവുമുണ്ട്.
കുറഞ്ഞപക്ഷം പേരൂര്‍ - ഏറ്റുമാനൂര്‍ റോഡില്‍ മന്നാമല കവലയിലും ഓള്‍ഡ് എംസി റോഡില്‍നിന്നും തെള്ളകത്തേക്ക് തിരിയുന്നിടത്തും റോഡ് ക്ലോസ്ഡ് എന്ന മുന്നറിയിപ്പ് ബോര്‍ഡ് വെച്ചിരുന്നുവെങ്കില്‍ യാത്രക്കാര്‍ക്ക് ഇത്ര ബുദ്ധിമുട്ടുണ്ടാകില്ലായിരുന്നുവെന്ന് നാട്ടുകാര്‍ ചൂണ്ടികാട്ടുന്നു. നിര്‍മ്മാണപ്രവര്‍ത്തനം നടക്കുന്ന റോഡിലൂടെയല്ലാതെ എം.സി.റോഡിലേക്കും മറ്റും എത്താവുന്ന എളുപ്പ മാര്‍ഗങ്ങള്‍ ചുവടെ.
മണര്‍കാട്, പൂവത്തുംമൂട് ഭാഗങ്ങളില്‍നിന്നും അയര്‍കുന്നം, പുന്നത്തുറ ഭാഗങ്ങളില്‍നിന്നും വരുന്ന വാഹനങ്ങൾ കണ്ടഞ്ചിറ കവല കഴിഞ്ഞ് ചെറ്റയിൽ കവലയിൽ എത്തി ഇടത്തേയ്ക്ക് തിരിഞ്ഞ് നൂറ്റൊന്ന് കവലയിലെത്തി എം.സി.റോഡില്‍ പ്രവേശിക്കാം. പാലാ, ഏറ്റുമാനൂർ ഭാഗത്തുനിന്നും ബൈപാസ് റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് ചെറുവാണ്ടൂർ വായനശാല ജംഗ്ഷനില്‍ (കെഎന്‍ബി) നിന്ന് വലതുതിരിഞ്ഞ് എം.സി.റോഡിലെത്താം.