04 February, 2023 11:36:39 AM
ഏകമകന്‍ ആത്മഹത്യ ചെയ്തു; പെരുവഴിയിലായ വൃദ്ധദമ്പതികള്‍ക്ക് കരുതലുമായി സ്നേഹക്കൂട്
കോട്ടയം: ഏകമകന്‍ ആത്മഹത്യ ചെയ്തതിനെതുടര്‍ന്ന് പെരുവഴിയിലായ വൃദ്ധദമ്പതികള്‍ക്ക് കരുതലുമായി സ്നേഹക്കൂട്. പ്രമുഖ ജോൽസ്യനും ഏറ്റുമാനൂർ ടൗണിലെ പ്രമുഖ പച്ചക്കറി മൊത്തവ്യാപാരശാലയിലെ ജീവനക്കാരനുമായിരുന്ന സ്വാമി എന്നറിയപ്പെടുന്ന ലക്ഷ്മികാന്തിന്‍റെയും ഭാര്യ ലക്ഷ്മികുട്ടിയമ്മയുടെയും ജീവിതം മകന്‍ മരിച്ചതോടെ തകര്‍ന്നടിയുകയായിരുന്നു.
തൃപ്പൂണിത്തുറ പൂർണ്ണതൃയിശ ക്ഷേത്രത്തിലെ ഉദ്യോഗസ്ഥനായിരുന്ന മകൻ പത്ത് വര്‍ഷം മുമ്പാണ് ആത്മഹത്യ ചെയ്തത്. ക്ഷേത്രത്തിനുസമീപം തന്നെ മകന്‍ പണികഴിപ്പിച്ച വീട്ടില്‍നിന്നും ഇറങ്ങേണ്ടിവന്ന ദമ്പതികള്‍ ഏറ്റുമാനൂരിലെ വാടകവീട്ടിലേക്ക് താമസം മാറി. സ്വന്തമായി പലഹാരങ്ങൾ നിർമ്മിച്ച് കോട്ടയം ജില്ലയിലെ വിവിധ കടകളിൽ ഓട്ടോയില്‍ എത്തിച്ചുകിട്ടുന്ന വരുമാനം കൊണ്ടായിരുന്നു പിന്നീടുള്ള ഇവരുടെ ജീവിതം.
അങ്ങനെയിരിക്കെയാണ് ദുരന്തം വീണ്ടും ഇവരെ വേട്ടയാടുന്നത്. വാഹനാപകടത്തിൽ കാലിൽ കമ്പി ഇട്ടതിനെ തുടർന്ന് നടക്കാൻ ബുദ്ധിമുട്ടായതോടെ പലഹാരകച്ചവടത്തില്‍നിന്നും ലഭിച്ചിരുന്ന ചെറിയ വരുമാനവും നിലച്ചു. ലക്ഷ്മികാന്തിനെ ശുശ്രൂഷിച്ച് വരവെ ലക്ഷ്മിയമ്മയും രോഗബാധിതതായി. കിഡ്നി സംബന്ധമായ അസുഖത്തോടൊപ്പം എല്ല് പൊടിയുന്ന രോഗവും കൂടിയായതോടെ ഇനി എന്തെന്നരിയാതെ ഇരുവരും കുഴങ്ങി. നാട്ടുകാരുടെ കാരുണ്യത്താലായിരുന്നു പിന്നീടുള്ള നാളുകള്‍ ഇരുവരും തള്ളിനീക്കിയത്.
കഴിഞ്ഞ ദിവസം ഇവരെ പരിചരിക്കാനെത്തിയ ആശ വർക്കർ റാണി റിയാസ് വിവരം ഏറ്റുമാനൂർ നഗരസഭാ അധികൃതരെ അറിയിച്ചു. നഗരസഭാ ചെയർപേഴ്സൺ ലൗലി ജോർജ്, ആരോഗ്യകാര്യസ്ഥിരംസമിതി അധ്യക്ഷ ബീന ഷാജി, ആശ വർക്കര്‍ റാണി റിയാസ്, ഏറ്റുമാനൂരിലെ വ്യാപാരിയായ പ്രിൻസ് എന്നിവർ ചേർന്ന് ദമ്പതികളെ ആജീവനാന്ത സംരക്ഷണത്തിനായി കോട്ടയം സ്നേഹക്കൂട്ടിൽ എത്തിക്കുകയായിരുന്നു. അവിടെ മാനേജിംഗ് ഡയറക്ടര്‍ നിഷ സ്നേഹക്കൂടും മറ്റ് പൊതുപ്രവര്‍ത്തകരും അന്തേവാസികളും ചേര്‍ന്ന് ഇരുവര്‍ക്കും സ്നേഹോജ്വലമായ സ്വീകരണം നല്‍കി.