30 January, 2023 04:13:47 PM
ഏറ്റുമാനൂര്‍ ക്ഷേത്രം ഉപദേശകസമിതി തിരഞ്ഞെടുപ്പ്: അംഗത്വലിസ്റ്റില്‍ ക്രിമിനലുകള്‍ എന്ന് ആരോപണം
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉപദേശകസമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച അംഗത്വ ലിസ്റ്റില്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരുമെന്ന് ആരോപണം. മുന്‍ ഉപദേശകസമിതി അംഗം കെ.എസ്.രഘുനാഥന്‍ നായര്‍ ഇന്ന് ദേവസ്വം പ്രസിഡന്‍റിന് അയച്ച പരാതിയിലാണ് ഈ ഗുരുതര ആരോപണമുള്ളത്. അന്തിമലിസ്റ്റില്‍ നിന്നും പതിനാറോളം പേരെ ഒഴിവാക്കിയത് മാനദ്ണ്ഡങ്ങള്‍ പാലിക്കാതെയെന്ന് കാട്ടി മറ്റൊരു പരാതി ഇന്നലെ രഘുനാഥന്‍ നായര്‍ പ്രസിഡന്‍റിനും കമ്മീഷണര്‍ക്കും വിജിലന്‍സ് മേധാവിക്കും നല്‍കിയിരുന്നു.
100 രൂപ സഹിതം അപേക്ഷ വാങ്ങിവെച്ചശേഷം അപേക്ഷകരെ അറിയിക്കാതെയും അവരുടെ വാദം കേള്‍ക്കാതെയും ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയ നടപടിക്കെതിരെ വിവിധ ഹൈന്ദവസംഘടനകളും രംഗത്തെത്തിയിരുന്നു. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരും മുന്‍ ഉപദേശകസമിതിയില്‍ അംഗങ്ങളായവരും അപേക്ഷിക്കേണ്ടതില്ലെന്നായിരുന്നു ദേവസ്വം നിലപാട്. ഇന്നത്തെ പരാതിയില്‍ സൂചിപ്പിക്കുന്ന ക്രിമിനലുകള്‍ ആരൊക്കെയെന്ന ചോദ്യത്തിന് അവരെ ദേവസ്വം ബോര്‍ഡ് തന്നെ കണ്ടുപിടിക്കട്ടെ എന്നായിരുന്നു രഘുനാഥന്‍നായരുടെ മറുപടി. ഇത്തരക്കാരെ സംരക്ഷിച്ചുകൊണ്ടാണ് ഒരു മാനദണ്ഡങ്ങളും പാലിക്കാതെ ഏറ്റുമാനൂരിലെ ഉദ്യോഗസ്ഥര്‍ ലിസ്റ്റ് തയ്യാറാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
670 പേരാണ് അംഗത്വത്തിന് അപേക്ഷ നല്‍കിയിരുന്നത്. പത്രമാധ്യമങ്ങളില്‍ പരസ്യം ചെയ്യണമെന്നിരിക്കെ ദേവസ്വം ഓഫീസില്‍ പ്രസിദ്ധീകരിച്ച നോട്ടീസ് പ്രകാരം മാത്രമാണ് ലിസ്റ്റ് തയ്യാറാക്കുന്ന നടപടികള്‍ ആരംഭിച്ചതെന്നും രഘുനാഥന്‍നായര്‍ പ്രസിഡന്‍റിന് നല്‍കിയ പരാതിയില്‍ ചൂണ്ടികാട്ടുന്നു. പത്രത്തില്‍ പരസ്യം ചെയ്തശേഷം കൂടുതല്‍ ഭക്തര്‍ക്ക് അവസരമൊരുക്കി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു.
അംഗത്വലിസ്റ്റ് വിവാദമായതോടെ ഉപദേശകസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നീളുമെന്നാണ് അറിയുന്നത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് പഴയ ഉപദേശകസമിതിയെ പിരിച്ചുവിട്ട് പുതിയ സമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആരംഭിച്ചത്.