28 January, 2023 05:41:37 PM
ഏറ്റുമാനൂര്‍ - പട്ടിത്താനം ബൈപാസിലെ സിഗ്‌നല്‍ ലൈറ്റുകള്‍ തിങ്കളാഴ്ച്ച ഉദ്ഘാടനം ചെയ്യും
ഏറ്റുമാനൂര്‍ : പട്ടിത്താനം - ഏറ്റുമാനൂര്‍ ബൈപാസിലെ റോഡ് സുരക്ഷാ ലൈറ്റുകള്‍ തിങ്കളാഴ്ച്ച പ്രവര്‍ത്തന സജ്ജമാവും. തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ റോഡ് സുരക്ഷാ ലൈറ്റുകളുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വ്വഹിക്കും.
ഗതാഗത ക്രമീകരണങ്ങളുടെ ഭാഗമായി നടന്നു വരുന്ന ജോലികള്‍ ഇന്നലെ പൂര്‍ത്തിയായി. പാറേകണ്ടം ഭാഗത്തു വിപുലമായ സിഗ്‌നല്‍ സംവിധാനങ്ങളുണ്ട്, തിരക്കേറിയ നാല്‍ക്കവലയായ ഇവിടെ 4 വശത്തും സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ദൂരക്കാഴ്ച ലഭിക്കുന്ന വ്യക്തത ഉറപ്പു വരുത്തിയാണ് ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്.പാലാ ഏറ്റുമാനൂര്‍ റോഡിലെ ബൈപാസിലെയും തിരക്കനനുസരിച്ചാണ് ഇവിടെ ക്രമീകരണങ്ങള്‍ വരുന്നത്.
ബൈപാസില്‍ അടിയന്തര ശ്രദ്ധവേണ്ട സ്ഥലത്ത് ബിള്ങ്കറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മണര്‍കാട് ബൈപാസ് റോഡില്‍ പട്ടിത്താനം മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള ഭാഗത്തു സുരക്ഷ ക്രമീകരണത്തിന്റെ ഭാഗമായി ഹംമ്പ് സ്ഥാപിക്കുന്ന ജോലികള്‍ പിഡബ്ല്യുഡിയും പൂര്‍ത്തിയാക്കി. നാളെ മന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചു കഴിഞ്ഞാലും ഒരാഴ്ച്ചയോളം എന്‍ജിനീയര്‍മാര്‍ റോഡിലെ വാഹനങ്ങളുടെ എണ്ണവും, സമയവും നോക്കി ക്രമീകരണങ്ങള്‍ വരുത്തും. ജില്ലാ റോഡ് സേഫ്റ്റി അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ കെല്‍ട്രോണാണു സിഗ്‌നല്‍ സംവിധാനങ്ങള്‍ സ്ഥാപിച്ചത്.
നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്‍ഡ് റിസര്‍ച് സെന്ററിന്റെ (നാറ്റ്പാക്) പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത് സ്ഥാപിച്ചത്. മണര്‍കാട്-പട്ടിത്താനം ബൈപ്പാസിലെ പാറക്കണ്ടം ജങ്ഷനില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കുന്നതിന് 16.37 ലക്ഷം രൂപ റോഡ് സുരക്ഷാഫണ്ടില്‍നിന്ന് അനുവദിച്ചിച്ചിരുന്നു. ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ബൈപ്പാസിന്റെ ഏറ്റവും തിരക്കേറിയതും അപകടസാധ്യതയുള്ളതുമായ പാറക്കണ്ടം ജങ്ഷനില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കാന്‍ റോഡ് സുരക്ഷാഫണ്ട് അതോറിട്ടിയില്‍ നിന്ന് രൂപയുടെ ഫണ്ട് ലഭ്യമാക്കിയത്.