28 January, 2023 02:08:16 PM


കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം സിപിഎമ്മിന്: കെ.വി. ബിന്ദു പ്രസിഡന്‍റ്; ജയം 7 വോട്ടിന്



കോട്ടയം: കെ.വി. ബിന്ദു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. 7 വോട്ട് ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. രാവിലെ 11ന് നടന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ വരണാധികാരിയായിരുന്നു. കെ.വി. ബിന്ദുവിന് 14 വോട്ടും രാധാ വി. നായർക്ക് 7 വോട്ടും ലഭിച്ചു. 21 പേരാണ് വോട്ടുചെയ്തത്.  കേരള ജനപക്ഷം സെക്യുലര്‍ അംഗം ഷോണ്‍ ജോര്‍ജ് തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. 

കുമരകം ഡിവിഷനിൽനിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ് കെ.വി. ബിന്ദു. സി.പി.ഐ.എം. പ്രതിനിധിയാണ്. നിർമ്മല ജിമ്മി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.  സമ്പൂർണ്ണ സാക്ഷരതായജ്ഞത്തിലൂടെയാണ് ബിന്ദു പൊതു പ്രവർത്തനം തുടങ്ങിയത്. ഡി. വൈ. എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗമായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ ജില്ലാ കമ്മിറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

തുടർന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ മുഖ്യപ്രവർത്തന മേഖലയായി. ഇപ്പോൾ അസോസിയേഷൻ്റെ സംസ്ഥാന വൈസ് പ്രസിഡണ്ടാണ്.  സി.പി.എം ജില്ലാ കമ്മിറ്റി അംഗമാണ്. കുമരകം ഭവനനിർമ്മാണ സഹകരണ സംഘത്തിൻ്റെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു.1999 ൽ പള്ളം ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചു. കുമരകം ഗ്രാമപ്പഞ്ചായത്തിലേയ്ക്കും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഉച്ചയ്ക്കുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ സിപിഐയിലെ അഡ്വ. ശുഭേഷ് സുധാകരന്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എരുമേലി ഡിവിഷന്‍ പ്രതിനിധിയാണ്. ഇടതുമുന്നണി ധാരണപ്രകാരം അടുത്ത രണ്ടുവര്‍ഷത്തേക്കാണ് സിപിഎമ്മിന് പ്രസിഡന്റ് സ്ഥാനവും സിപിഐയ്ക്ക് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിക്കുക. അവസാന ഒരുവര്‍ഷം സിപിഐക്കാണ് പ്രസിഡന്റ് സ്ഥാനം. സിപിഐ സംസ്ഥാന കമ്മിറ്റിയംഗമാണ്. എഐഎസ്എഫ് മുന്‍ സംസ്ഥാന സെക്രട്ടറി, എഐവൈഎഫ് മുന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി, കെഎസ്‌ഐഇ മുന്‍ ഡയറക്ടര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി മുന്‍ ബ്ലോക്ക് പഞ്ചായത്തംഗമായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K