21 January, 2023 06:06:45 PM
കേരളത്തിലെ ആദ്യ 'സുസ്ഥിര നാട്ടുചന്ത'യായി കോട്ടയം ജില്ലയിലെ മറവൻതുരുത്ത്
കോട്ടയം: ഗ്രാമീണ സൗന്ദര്യത്തെ വിനോദ സഞ്ചാര മേഖലയിലെ അനന്തസാധ്യതകളിൽ ഒന്നാക്കി മാറ്റി ലോക വിനോദ സഞ്ചാര പട്ടികയിൽ ഇടം നേടിയ മറവൻതുരുത്ത് ഗ്രാമത്തിന്റെ നെറുകയിൽ മറ്റൊരു പൊൻതൂവലായി മാറിയിരിക്കുകയാണ് 'സുസ്ഥിര നാട്ടു ചന്ത'. ആദ്യ വാട്ടർ സ്ട്രീറ്റ് എന്ന വിശേഷണത്തോടൊപ്പം കേരളത്തിലെ ആദ്യ സുസ്ഥിര സ്ട്രീറ്റ് മാർക്കറ്റ് എന്ന ബഹുമതിയും ഇനി മറവൻതുരുത്തിന് സ്വന്തം.
ഉത്തരവാദിത്ത ടൂറിസം മിഷനും മറവൻതുരുത്ത് ഗ്രാമപഞ്ചായത്തും കുലശേഖരമംഗലം ഉത്തരവാദിത്ത ടൂറിസം ക്ലബും സംയുക്തമായി സംഘടിപ്പിച്ച 'പാട്ടു കൂട്ടവും നാട്ടു ചന്തയും' എന്ന പരിപാടിയോടനുബന്ധിച്ചാണ് കേരളത്തിലെ ആദ്യ സുസ്ഥിര നാട്ടുചന്തയ്ക്ക് മറവൻതുരുത്തിൽ തുടക്കമിട്ടത്. ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ ആർ. രൂപേഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. കുലശേഖരമംഗലം ഉത്തരവാദിത്ത ടൂറിസം ക്ലബ് പ്രസിഡന്റ് ടി കെ സുഗുണൻ അധ്യക്ഷനായി.
കുലശേഖരമംഗലം ഇത്തിപ്പുഴ പാലത്തിന് സമീപത്താണ് നാട്ടുചന്ത. തദ്ദേശീയർക്കും, വിദേശികൾക്കും കരമാർഗവും ജലമാർഗവും എത്തി ഉത്പന്നങ്ങൾ വാങ്ങാനും വിൽക്കാനും സാംസ്‌കാരിക പരിപാടികളിൽ പങ്കെടുക്കാനുമുള്ള അവസരമാണ് സുസ്ഥിര നാട്ടു ചന്തയിലൂടെ ഒരുങ്ങുന്നത്.
തദ്ദേശീയ കാർഷിക ഉത്പന്നങ്ങളും കരകൗശല ഉത്പന്നങ്ങളും ഭക്ഷ്യോത്പന്നങ്ങളുമാണ് പ്രധാനമായും ഇവിടെ വിൽപനയ്ക്കെത്തുന്നത്. കാച്ചിൽ, ചേന, ചേമ്പ്, കപ്പ, വാഴക്കുല, വാഴപ്പിണ്ടി, പൈനാപ്പിൾ, മത്സ്യങ്ങൾ, അച്ചാറുകൾ, തേങ്ങയിലും ചിരട്ടയിലും തടിയിലും മറ്റും തീർത്ത കരകൗശല വസ്തുക്കൾ, ഭക്ഷ്യോത്പന്നങ്ങൾ എല്ലാം ഇവിടെ വിൽപനയ്ക്കെത്തും. എല്ലാ മാസവും മൂന്നാം ശനിയാഴ്ചയാണ് നാട്ടുചന്ത പ്രവർത്തിക്കുന്നത്. ശിക്കാര വള്ളങ്ങൾ, കയാക്കിങ് തുടങ്ങിയ റൈഡുകളോട് കൂടിയ പരിപാടിക്ക് തുടക്കമിട്ടത്. വൈക്കം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ.സലില, സ്ഥിരം സമിതി അധ്യക്ഷ സുഷമ സന്തോഷ് എന്നിവർ പങ്കെടുത്തു.