03 January, 2023 08:53:27 PM
ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവം: ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
പി. ഷണ്‍മുഖന്‍
കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് ബിജെപി കൗൺസിലർമാർ കോട്ടയം നഗരസഭാ ചെയർപേഴ്സണെയും സെക്രട്ടറിയെയും ഉപരോധിച്ചു. ഇതെ തുടർന്ന് ഹോട്ടലിൽ പരിശോധന നടത്തി നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തതായി നഗരസഭാ സെക്രട്ടറി അറിയിച്ചു. തുടർന്ന് കൗൺസിലർമാർ സമരം അവസാനിപ്പിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ ചെയർപേഴ്സന്‍റെ അദ്ധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗം നടക്കുന്നതിനിടെയാണ് ബി ജെ പി കൗൺസിലർമാർ ഇടിച്ചു കയറി ഉപരോധസമരം നടത്തിയത്. സംക്രാന്തിയിൽ പ്രവർത്തിക്കുന്ന മലപ്പുറം കുഴിമന്തി ഹോട്ടൽ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചു വന്നിരുന്നതെന്ന് കൗൺസിലർമാർ ആരോപിച്ചു. ഹോട്ടലും അടുക്കളയും തമ്മിൽ ഒന്നര കിലോമീറ്റർ അകലമുണ്ട്. ഈ അടുക്കളക്ക് ലൈസൻസ് നല്കിയിട്ടില്ലെന്ന് കൗൺസിലർമാരുടെ ചോദ്യങ്ങൾക്കൊടുവിൽ സെക്രട്ടറിയ്കും നഗരസഭാദ്ധ്യക്ഷയ്ക്കും സമ്മതിക്കേണ്ടി വന്നു.
ഏറെ വൃത്തിഹീനമായിട്ടാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്നും അവർ പറഞ്ഞു. വേണ്ട രീതിയിലുള്ള പരിശോധനകൾ ഒന്നും മുൻസിപ്പൽ ആരോഗ്യവിഭാഗമോ ഭക്ഷ്യസുരക്ഷാ വിഭാഗമോ നാളുകളായി ഇവിടെ നടത്തിയിട്ടില്ല. രണ്ടു മാസം മുൻപ് ഇതേ ഹോട്ടലിൽ നിന്നുള്ള ഭക്ഷണം കഴിച്ച് നിരവധിയാളുകൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. അന്ന് രണ്ടു ദിവസം മാത്രമാണ് ഹോട്ടൽ അടച്ചിട്ടത്. പിന്നീട് യാതൊരു അന്വേഷണവും കൂടാതെ ഹോട്ടൽ തുറക്കുവാൻ അനുമതി നല്കിയതാരെന്നുള്ള ചോദ്യത്തിനും സെക്രട്ടറി മറുപടി പറഞ്ഞില്ല. ഇപ്പോൾ ഒരു സാധു കുടുംബത്തിന്‍റെ അത്താണിയായിരുന്ന യുവതിയുടെ മരണം നടന്നിട്ടും നഗരസഭ നടപടി സ്വീകരിക്കാത്തത് എന്തെന്നുള്ള ചോദ്യത്തിനും ഉദ്യോഗസ്ഥർക്ക് മറുപടി ഉണ്ടായിരുന്നില്ല.
സെക്രട്ടറി കള്ളം പറയുകയാണെന്നും കൃത്യവിലോപം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കാതെ സമരം അവസാനിപ്പിക്കുകയില്ലെന്നും കൗൺസിലർമാർ ഉറച്ചു നിന്നതോടെയാണ് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്യുന്നതായി സെക്രട്ടറി അറിയിച്ചത്. കൗൺസിലർമാരായ ടി ആർ അനിൽകുമാർ, വിനു ആർ മോഹർ, കെ ശങ്കരൻ, ബിജുകുമാർ പാറയ്ക്കൽ, റീബാ വർക്കി, ദിവ്യാ സുജിത്ത് എന്നിവർ ഉപരോധ സമരത്തിൽ പങ്കെടുത്തു.