28 December, 2022 07:01:37 PM


പുതുവത്സാരാഘോഷത്തിന് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തി കോട്ടയം ജില്ലാ പോലീസ്

 

കോട്ടയം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തി. ഇതിനായി 1700 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക പട്രോളിംഗ് സംഘങ്ങളുണ്ടാകും. പ്രധാന ഇടങ്ങളിൽ മഫ്ടി പോലീസിന്‍റെ സാന്നിധ്യമുണ്ടാകും. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. അമിത വേഗതയിലും അശ്രദ്ധമായും വാഹനമോടിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും.

രാത്രി പാതയോരങ്ങളിലും മറ്റും അനധികൃത ആൾക്കൂട്ടങ്ങൾ അനുവദിക്കില്ല. പൊതുസ്ഥലത്ത് ലഹരി ഉപയോഗിക്കുന്നവരേയും, നിരോധിത മയക്കുമരുന്നുകളുടെ വിൽപ്പന, ഉപയോഗം എന്നിവ കണ്ടെത്തുന്നതിനും പരിശോധനകൾ ഊർജ്ജിതമാക്കും. അനധികൃത മദ്യ നിർമ്മാണം, ചാരായ വാറ്റ്, സെക്കന്റ്സ് മദ്യ വിൽപ്പന തുടങ്ങിയവ കണ്ടെത്തുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ബാറുകൾ, കള്ളുഷാപ്പുകൾ എന്നിവിടങ്ങളിൽ വിൽപ്പന നടത്തുന്ന മദ്യം സാമ്പിളുകൾ ശേഖരിച്ച് രാസപരിശോധനക്ക് വിധേയമാക്കും.

ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, മാർക്കറ്റുകൾ, തുടങ്ങിയ ഇടങ്ങൾ കേന്ദ്രീകരിച്ച് പോലീസ് പെട്രോളിങ് ഏർപ്പെടുത്തിയിട്ടുമുണ്ട്. നഗരത്തിൽ ആഘോഷങ്ങൾ നടക്കുന്നതിനിടയിൽ പൊതുജനശല്യമുണ്ടാക്കുന്നവരേയും സ്ത്രീകളേയും കുട്ടികളേയും ശല്യം ചെയ്യുന്നവരേയും നിരീക്ഷിക്കാൻ മഫ്ടി പോലീസുദ്യോഗസ്ഥരെ വിന്യസിക്കും.

ജില്ലാ അതിർത്തികളിൽ പ്രത്യേക പരിശോധനയുണ്ടാകും. പോക്കറ്റടിക്കാർ, പിടിച്ചു പറിക്കാർ, ലഹരി വിൽപ്പനക്കാർ, ഗുണ്ടകൾ, തുടങ്ങിയ മുൻകാല കുറ്റവാളികളും, സാമൂഹ്യ വിരുദ്ധരും, വിവിധ കേസുകളിൽ ജാമ്യമെടുത്തിട്ടുള്ളവരും പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. കൂടാതെ ന്യൂ ഇയര്‍, ഡി.ജെപാർട്ടികള്‍ പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്നും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K