15 December, 2022 06:17:23 PM
കോട്ടയം നഗരത്തിൽ ബൈക്കിടിച്ച് വീട്ടമ്മ മരിച്ച സംഭവം: യുവാവ് അറസ്റ്റിൽ

കോട്ടയം: ജനറൽ ആശുപത്രിയുടെ മുൻവശം വച്ച് ബൈക്കിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ ബൈക്ക് ഓടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് തെക്കേത്തുകവല SRV ജംഗ്ഷൻ ഭാഗത്ത് ഇടശ്ശേരിൽ വീട്ടിൽ അരുൺകുമാർ മകൻ അനീഷ് (38) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. പതിമൂന്നാം തീയതി ഉച്ചയോടു കൂടി കോട്ടയം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ കൂട്ടിക്കൽ സ്വദേശിനിയായ സുജാതയെയും ഇവരുടെ സഹോദരി സാലിയെയും റോഡ് മുറിച്ച് കടക്കുന്നതിനിടയിൽഇയാളുടെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
തുടർന്ന് ഇയാൾ ബൈക്ക് നിർത്താതെ പോവുകയും ചെയ്തു. ഇടിയിൽ സാരമായി പരിക്കേറ്റ സുജാത മരണമടയുകയും സഹോദരി സാലി ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുമാണ് . കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






