26 July, 2016 01:02:51 PM


കമ്മ്യുണിസം + ഭാരതീയത+ മാനവീയത = വയലാറിസം



ആയിഷയും (മുസ്ലീം സമുദായത്തിലെ ദുഷ്ടുകള്‍)
ഇത്താപ്പിരി, എന്നെ പുണ്യവാളത്തിയാക്കരുത് (ക്രിസ്ത്യന്‍ സമുദായത്തിലെ ദുഷ്ടുകള്‍)
തറവാടിന്റെ മാനം/ഒരു ദൈവവും കൂടി ( ഹിന്ദുസമുദായത്തിലെ ദുഷ്ടുകള്‍)
കൊന്തയും പൂണൂലും (ക്രിസ്ത്യന്‍+ ഹിന്ദു സമുദായത്തിലെ ദുഷ്ടുകള്‍)

- ഇങ്ങനെ എല്ലാ സമുദായത്തിലെയും ദുഷ്ടുകള്‍ക്കെതിരെ എഴുതിയതുകൊണ്ടാണ് വയലാര്‍ സര്‍വ്വസ്വീകാര്യനായത്..
എന്നാല്‍ ഇന്നത്തെ കലാസാംസ്കാരികപ്രവര്‍ത്തകര്‍ എല്ലാത്തരം ദുഷ്ടുകള്‍ക്കുമെതിരെ ശബ്ദം ഉയര്‍ത്തുന്നില്ല..
ഒരു ഭീതി അവരെ വല്ലാതെ പിന്‍വലിക്കുന്നുണ്ട്.

എനിക്ക് പറയാനുള്ളത് ഇത്രേയുള്ളൂ.. എന്തും പ്രതീക്ഷിച്ചേ ഇക്കാലത്ത് എഴുതാവൂ... പേടിയുള്ളവര്‍ക്ക്‌ പറഞ്ഞിട്ടുളളതല്ല എഴുത്ത്...

സരസ്വതിയുടെ നഗ്നചിത്രങ്ങള്‍ വരച്ചയാള്‍ക്കു പുരസ്കാരം കൊടുത്തവര്‍ ; പിഎം ആന്റണിയുടെ ' ആറാം തിരുമുറിവ്' നിരോധിക്കാന്‍ കാട്ടിയ ഉത്സാഹം 'പടച്ചോന്റെ ചിത്രപ്രദര്‍ശന'ത്തിനു പിന്തുണനല്‍കാന്‍ കാട്ടുന്നില്ല!
ക്രിസ്തുവിനു മറിയവുമായി പ്രണയമുണ്ടായിരുന്നു എന്ന് പറയുന്നവര്‍ ആ സമുദായത്തിന്റെ എതിര്‍പ്പുകള്‍ നേരിടേണ്ടിവരും.. സരസ്വതിയുടെ നഗ്നചിത്രങ്ങള്‍ വരച്ചയാള്‍ക്കു ആ സമുദായത്തിന്റെ എതിര്‍പ്പുകള്‍ നേരിടേണ്ടിവരും..
പ്രവാചകനിന്ദ നടത്തുന്നവര്‍ക്ക് ആ സമുദായത്തിന്റെ എതിര്‍പ്പുകള്‍ നേരിടേണ്ടിവരും...

അരുന്ധതിയുടെ നോവലില്‍ ഈ എം എസ്സിനെകുറിച്ച് പരാമര്‍ശംകണ്ടു. ആയമ്മയെ പുലയാട്ടുനടത്തിയവര്‍ക്ക്
കസാന്‍ദ്‌സാക്കിസിനെ / തസ്ലീമയെ / സല്‍മാന്‍ റുഷ്ദിയെ ഒക്കെ തെറി പറയുന്നവര്‍ക്കെതിരെ തിരിയാന്‍ അവകാശമില്ല എന്ന്തന്നെയാണ് എന്‍റെ എക്കാലത്തെയും നിലപാട്...

ആര്‍ക്കെതിരെയും എന്തും എഴുതാനുള്ള എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി നമുക്ക് അടരാടാം...
ആറെസ്സെസ്സ്കാരന്‍ കൊല്ലപ്പെട്ടാലും കമ്മ്യുണിസ്റ്റ്കാരന്‍ കൊല്ലപ്പെട്ടാലും നമുക്ക് അക്രമത്തിനു എതിരെ പ്രതികരിക്കാം...
ദളിതനെ കൊന്നാലും ബ്രാഹ്മണനെ കൊന്നാലും ആ അക്രമത്തിനെതിരെ നമുക്ക് പ്രതിഷേധിക്കാം.. അതല്ലേ സാര്‍, മാനവീയത????

'സ്നേഹിക്കുകില്ല ഞാന്‍ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും'

ഞാനൊരു കമ്മ്യുണിസ്റ്റ് അല്ല; വയലാറിസ്റ്റ് ആണ്... ജാതിമതങ്ങള്‍ക്കെതിരെ എന്തിനു ഈശ്വരനെതിരെ പോലും ഉറച്ച നിലപാട് വയലാര്‍ എടുത്തു; രാജ്യത്തിന്‍റെ അതിരാക്രമിക്കുന്ന ചൈനക്കെതിരെയും. എന്നാല്‍ കമ്മ്യുണിസ്റ്റ്കള്‍ ജാതിക്കും മതത്തിനും ഇപ്പോള്‍ ഈശ്വരനുപോലും എതിരല്ല! അത് വേണ്ടവര്‍ക്ക് അവകാശം അനുവദിച്ചുകൊടുക്കുന്നു...

ഹിന്ദുമതത്തില്‍നിന്ന് പുറത്തേക്കുപോയ മാധവിക്കുട്ടിയേയും ബാലചന്ദ്രന്‍ ചുള്ളിക്കാടിനെയുമൊക്കെ ജാതിയും മതവുമില്ലാത്ത ഒരു കൂട്ടായ്മയില്‍ നിലനിര്‍ത്താന്‍ അവര്‍ക്കുകഴിഞ്ഞില്ലല്ലോ!!


- ഹരിയേറ്റുമാനൂര്   


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.1K