26 April, 2016 12:58:39 PM


അധികാര വികേന്ദ്രീകരണം മുന്നണി കക്ഷികളെ തൃപ്തിപ്പെടുത്താനോ ?

മുഖ്യമന്ത്രിയുൾപ്പെടെ കേരളത്തിൽ 11 മന്ത്രിമാരായിരുന്നു കേരളത്തിലെ ആദ്യ മന്ത്രിസഭയിൽ.എന്നാൽ ഇന്ന് അതു 20 മന്ത്രിമാരിൽ എത്തിയിരിക്കുന്നു.അധികാര വികേന്ദ്രീകരണം അന്ന് തുടങ്ങിയിട്ടേയുള്ളൂ.എങ്കിലും എല്ലാം കൂടി നോക്കാൻ 11 പേര് മതിയായിരുന്നു. ഈ അറുപാതണ്ടിനിടയിൽ നമ്മുടെ സംസ്ഥാനത്ത് അധികാര വികേന്ദ്രീകരണം ഒട്ടൊക്കെ നടന്നിട്ടുണ്ട്.എന്നാൽ മന്ത്രിമാരുടെ എണ്ണം കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. ഭരണം മുന്നണി നടത്തുന്നതു കൊണ്ടാണിത്. കൂടെയുള്ള കക്ഷികളെ തൃപ്തിപ്പെടുത്താനാണ് ഇത്രയധികം മന്ത്രിസ്ഥാനങ്ങൾ.

തെരഞ്ഞെടുപ്പു അടുത്തുവന്നിരിക്കുന്ന ഈ വേളയിൽ മേലെഴുതിയ കാര്യമാണ് ഞാൻ പ്രധാനമായും കാണുന്നത്.പല പല പ്രതീക്ഷകളോടെയാണ് നമ്മൾ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.എന്നാൽ മുന്നണികളാകട്ടെ സ്ഥാനമാനങ്ങളെ കുറിച്ചാണ് ചിന്തിക്കുന്നത് . അവർക്കു  ഭരണമെന്നാൽ വാഹനവ്യൂഹങ്ങളും  കെട്ടിട സമുച്ചയങ്ങളും അഴിമതിയും സ്വജനപക്ഷപാതവുമാണ് . ഇതിപ്പോൾ ഏറെക്കുറെ ജനങ്ങൾക്ക്‌ മനസ്സിലായിട്ടുണ്ട്.വോട്ടറുടെ  ചെലവിൽ 'സ്വയം പര്യാപ്തത' നേടുന്ന ഇത്തരക്കാരെ കണ്ടറിഞ്ഞു പ്രവർത്തിക്കുകയാണ്  വേണ്ടത്.

പോയകാലത്തെ നിരീക്ഷിച്ചാൽ  77 ലെ സർക്കാരൊഴികെയുള്ള സർക്കാരുകൾ 'നെഗറ്റീവ് ' വോട്ടുകൾ കൊണ്ടാണ് ഉണ്ടായത് . അതുകൊണ്ടാണ്  ഇരുമുന്നണികളും ഇവിടെ മാറി മറിഞ്ഞു ഭരണത്തിലെത്തിയത് . അതുമാറണം എന്നാണ് എന്റെ നിലപാട്. ഭരിക്കുന്ന സർക്കാരിനു 'പോസിറ്റിവ് ' വോട്ടു ലഭിക്കുന്ന തരത്തിൽ ഭരണ മികവുണ്ടാകണം. അധികാരികളുടെ ശ്രദ്ധ ആദ്യം അതിനായിരിക്കണം.

എ കെ ജി യെപ്പോലുള്ളവർ സാമൂഹിക പ്രവർത്തനം നടത്തി പിന്നീടാണ് ഒരു പാർട്ടിയിലേക്ക് വരുന്നത്. അത്തരത്തിൽ വന്ന നിരവധിപേർ രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നു. എന്നാലിക്കാലത്തോ? ഒരു സുപ്രഭാതത്തിൽ 'ജനസേവകരായി ' അവതരിക്കുന്നവരാണ്‌ അധികവും; സി കെ ജാനു, കുമ്മനം തുടങ്ങി ആദിവാസി - പരിസ്ഥിതി മേഖലകളിൽ  പ്രവത്തിച്ചവരെ മറക്കുന്നില്ല.

കടുത്ത ചൂടിനും കൊടിയ ജലക്ഷാമത്തിനും കാരണമായിരിക്കുന്ന അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു ഭൌമ- പരിസ്ഥിതി സൌഹൃദമായ പദ്ധതികൾ നടപ്പാക്കാൻ ശേഷിയുള്ള ജനപ്രതിനിധികളാണ് നമുക്ക് വേണ്ടത്. എന്നാൽ വളഞ്ഞവഴിയിലൂടെ സ്ഥാനാർഥിത്വം കയ്ക്കലാക്കി വിജയത്തിനുവേണ്ടി ജാതി- മത നേതാക്കളെ സന്ദർശിക്കുന്നവരെയാണ് ഓരോ ദിവസവും കാണുന്നത്.

ലോകം തന്നെ അഴിമതിയുടെയും ഭീകരതയുടെയും നിഴലിൽ നിൽക്കെ ഭീതിദമാകുന്ന മനുഷ്യരാശിക്ക് പ്രത്യാശ നൽകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് മാതൃകാപരമായ നിലപാടുകളെടുക്കാൻ പ്രാപ്തിയുള്ള ജനപ്രതിനിധികൾ വിദൂരഭാവിയിലെങ്കിലും നമുക്ക്  ഉണ്ടാവേണ്ടതാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിയമങ്ങൾ, നടപടികൾ (ഉദാ: റേഷൻ കാർഡു പുതുക്കൽ ) ഒക്കെ മാറേണ്ടിയിരിക്കുന്നു. മയക്കുമരുന്ന്,പെൺ വാണിഭം,മദ്യാസക്തി, കൊട്ടേഷനുകൾ, ബ്ലേഡ് പലിശക്കാർ ഇങ്ങനെ ജനജീവിതം താറുമാറാക്കുന്ന സർവ്വ കാര്യങ്ങളിലും ഉചിതമായ തീരുമാനങ്ങൾ ഉണ്ടാവേണ്ടിയിരിക്കുന്നു.

പാർട്ടികളും മുന്നണികളും വോട്ടറെ വിസ്മരിച്ചുകൊണ്ട്‌ പ്രവർത്തിക്കുന്നതിനാൽ ഇപ്പോൾ വ്യക്തികളിൽ പ്രതീക്ഷയർപ്പിക്കുകയാണ്. പക്ഷേ പാർട്ടിയുടെ ചങ്ങലക്കെട്ടിലാണ്  വ്യക്തിയെങ്കിൽ ആ പ്രതീക്ഷയും  അസ്ഥാനത്ത് ആയിത്തീരും!
അതിനാൽ ഇക്കുറി വിജയിച്ചുവരുന്ന സ്ഥാനാർഥികളിൽ പുതിയൊരു സമീപനവും നിലപാടും ശൈലിയും ഉണ്ടായാലേ നാടിനു ഗുണമുണ്ടാകൂ . അത് തന്നെയാണ് ഈ തെരഞ്ഞെടുപ്പിൽ എന്റെ കാഴ്ചപ്പാട്.

 -  ഹരിയേറ്റുമാനൂര്   



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K