10 December, 2022 08:13:42 AM
ലഹരിമാഫിയാക്കു മുന്നിൽ പത്തി താഴ്ത്തി അധികൃതർ; ബിസിനസ് ഉപേക്ഷിച്ച് പ്രവാസി വിദേശത്തേക്കു മടങ്ങുന്നു
കോട്ടയം: ദീർഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ ബിസിനസ് നടത്താൻ ഇറങ്ങിത്തിരിച്ചതാണ് കോട്ടയം ആറുമാനൂർ സ്വദേശി ജോർജ് വർഗീസ്. പക്ഷേ ഇവിടുത്തെ സാമൂഹിക സാഹചര്യം അദ്ദേഹത്തിന് ഭീഷണിയാകുന്നു. നിരന്തരം ശല്യമായി മാറുന്ന ലഹരിമാഫിയാക്കു മുന്നിൽ നിയമ സംവിധാനങ്ങൾ പത്തി മടക്കുന്ന സാഹചര്യത്തിൽ ബിസിനസ് ഉപേക്ഷിച്ചു വീണ്ടും നാടു വിടുവാൻ തയ്യാറെടുക്കുകയാണ് ഇദ്ദേഹം.
അതിരമ്പുഴയിൽ ബിസിനസ് ചെയ്യാൻ എത്തിയ ആറുമാനൂർ സ്വദേശി ജോർജ് വർഗീസിൻ്റെ അനുഭവം അദ്ദേഹത്തിൻ്റെ തന്നെ വാക്കുകളിലൂടെ അറിയാം.
"ജോർജ്ജ് വർഗ്ഗീസ് ഇല്ലത്തുപറമ്പിൽ, ആറുമാനൂർ എന്ന ഞാൻ അയർലൻഡിൽ Cullinary Art എന്ന കുക്കറി കോഴ്സ് പഠിച്ച് അവിടെ കാറ്ററിംഗ് നടത്തിവരികയായിരുന്നു. ഇപ്പോൾ ഏറ്റുമാനൂർ നീണ്ടൂർ റോഡിൽ 3.5 കി.മീ ദൂരത്ത് കിഴക്കേച്ചിറ കള്ളുഷാപ്പ്, മൂക്കൻസ് മീൻചട്ടി എന്ന പേരിൽ നടത്തുകയാണ്.
ഈ ഷാപ്പ് കേരളത്തിലെ ഏറ്റവും വലുതും, ഏറ്റവും വൃത്തിയും, ഭംഗിയുമുള്ള കള്ള് ഷാപ്പാണ്. കേരളത്തിലെ ഷാപ്പ് കറികളിൽ ഏറ്റവും കൂടുതൽ വെറൈറ്റികൾ വൃത്തിയോ ടെയും നിലവാരത്തിലും ചെയ്യാനുള്ള ശ്രമത്തിലാണ് ഞാൻ.
നിലവിൽ 4 സ്റ്റാർ ഹോട്ടൽ എക്സ്പീരിയൻസ് ഉള്ള 3 ഷെഫുകൾ ഉൾപ്പെടെ 18 പേർക്ക് തൊഴിൽ നൽകുന്നുണ്ട്. നിലവിൽ നല്ലരീതിയിൽ നടക്കുന്നുമുണ്ട്. അതിരമ്പുഴയിലെ കോട്ടമുറികോളനിയിലെ കഞ്ചാവ് മാഫിയ നിരന്തരം വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, കസ്റ്റമേഴ്സിനെ മർദ്ദിക്കുകയും ആഹാരം വാങ്ങാൻ വരുന്നവരുടെ വാഹനങ്ങൾ അക്രമിക്കുകയും, അവരെ മർദ്ദിക്കുകയും, ചീത്തവിളിക്കുകയും, ഭീഷണി മുഴക്കുകയും ചെയ്യുന്നതുമൂലം റെസ്റ്റോറന്റ് കച്ചവടം സുഗമമായി നടത്താൻ പറ്റാത്ത സ്ഥിതിയാണ്.
അവർ കൂട്ടമായി കുറച്ച് പേരുവരും. കഞ്ചാവ് ബീഡി തെറുത്ത് വലിക്കും. കത്തി എടുത്ത് മേശപ്പുറത്ത് വയ്ക്കും. ആരെങ്കിലും അവരെ നോക്കിയാൽ എന്താടാ താ എന്ന് തെറി വിളിക്കും. ആഹാരം കഴിച്ചിട്ട് പൈസ തരാതെ പോകുകയും ചെയ്യും. ഫാമിലി ആയിട്ട് വരുന്നവരുടെ ടേബിളിൽ ടിഷ്യു സ്റ്റാൻഡ് കൊണ്ടുവയ്ക്കുകയും അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു.
നിലവിൽ അതിരമ്പുഴ പഞ്ചായത്തിലെ 1,2,14 വാർഡുകളിലെ സ്ഥലവില പകുതി യായി കുറഞ്ഞു. ജനത്തിന് സ്വൈര്യമായി വെളിയിൽ ഇറങ്ങി നടക്കാൻ പറ്റുന്നുല്ല. 20 വയസ്സ് റേഞ്ചിലുള്ള കുട്ടികൾ അവരുടെ ഗാങ്ങിൽ അല്ലാത്തവരെ കാണുമ്പോൾ അവർക്കത് ശത്രുതയാണ്.
ജോയി എന്ന റിട്ടയേർഡ് ഉദ്യോഗസ്ഥൻ തന്റെ ഒരേക്കർ സ്ഥലം കഴിഞ്ഞ 2 വർഷമായി ഉപേക്ഷിച്ചിട്ടിരിക്കുകയാണ്. തെങ്ങിൽനിന്ന് തേങ്ങാ കിട്ടുന്നില്ല. കരിക്ക് ഇട്ട് മദ്യത്തിൽ ഒഴിച്ച് കുടിക്കുന്നു. ചോദ്യം ചെയ്താൽ എന്താടാ താ... എന്ന് ചോദിക്കും. ജാതി മരങ്ങളിൽ കഞ്ചാവ് പൊതി സൂക്ഷിക്കുന്നു. ആ ഏരിയായിൽ ഇതാണ് അവസ്ഥ.
എന്റെ സ്റ്റാഫിനെ ചീത്ത വിളിക്കുന്നതുമൂലം അവർ ജോലി നിർത്തി പോകുന്നു. കസ്റ്റമേഴ്സ് വരാൻ വിമുഖത കാണിക്കുന്നു. ഭയമാണ് അവർക്ക് വരാൻ.. അവിടെ കഞ്ചാവ് പിള്ളേരെകൊണ്ട് ശല്യമാണ്, അവിടെ പോകണ്ട എന്ന അവസ്ഥയിലാക്കുന്നു.
ഒരു സ്ഥാപനം നടത്തി കുറേപേർക്ക് തൊഴിൽ നൽകാൻ വന്ന എന്നെ എന്ന് ചീത്ത വിളിക്കുമ്പോൾ എനിക്ക് കേട്ട് നിൽക്കേണ്ട അവസ്ഥയാണ്. പ്രതികരിച്ചാൽ ഞാൻ ചിലപ്പോൾ കൊലക്കേസ് പ്രതിയാകും. അല്ലെങ്കിൽ വധശ്രമത്തിൽ പ്രതിയാകും. എന്റെ തൊഴിലാളികൾ ആരെങ്കിലും പ്രതികരിച്ചാലും ഞാൻ പ്രതിയാകില്ലേ.
എനിക്ക് വല്ലപ്പോഴും എന്റെ ഭാര്യയെയും കുട്ടികളെയും കാണാൻ പോകാൻ പറ്റാത്ത അവസ്ഥ വരുമോ എന്ന് ഞാൻ ഭയക്കുന്നു.
ഞാൻ എന്ത് ചെയ്യണം. ഇവിടെ ഒരു സ്ഥാപനം തുടങ്ങി 100-150 പേർക്ക് വരുന്ന ഒരു വർഷത്തിനകത്ത് തൊഴിൽ കൊടുക്കാൻ വന്ന എന്റെ അവസ്ഥ ഇതാണ്. ഇത്രയ്ക്ക് റിസ്ക് എടുത്ത് ബിസ്സിനസ്സ് നടത്താൻ ഈ നാട് അത് വാഗ്ദത്ത ഭൂമിയൊന്നും അല്ലല്ലോ. ക്രിമിനലുകളിൽ നിന്നും സംരക്ഷണം നൽകേണ്ട ഉത്തരവാദിത്വമെങ്കിലും ഭരണകൂടത്തിനില്ലേ. ഈ കഞ്ചാവ് മാഫിയയെ നേരിടാനുള്ള നിയമങ്ങൾ കർശനമാക്കി വേണ്ട സംരക്ഷണം നൽകണം. (പോലീസ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു; അവർക്ക് നടപടിയെടുക്കാൻ ഇവിടെ നിയമമില്ല. ഒരുകിലോയിൽ താഴെ കഞ്ചാവ് പിടിച്ചാൽ സ്റ്റേഷൻ ജാമ്യത്തിൽ വിടണം. കൊലപാതക ശ്രമമല്ലാത്ത മർദ്ദനങ്ങ ളിൽ പ്രതിയായാലും സ്റ്റേഷൻ ജാമ്യത്തിൽ വിടണം. തെറി വിളിച്ചാലും ഭീഷണിപ്പെടുത്തിയാലും പെറ്റിക്കേസെടുക്കാനേ പറ്റത്തുള്ളൂ. അവരും നിസ്സഹായരാണ്.) ഇവിടെ മനുഷ്യാവകാശം ക്രിമിനലുകൾക്കേയുള്ളൂ. ബിസ്സിനസ്സ് നടത്തുവർക്ക് ഇല്ല.
എന്റെ സ്ഥാപനത്തിൽ ഇനി ബഹളമുണ്ടാക്കാത്ത അവസ്ഥ ഉണ്ടാക്കി തന്നില്ലെങ്കിൽ ഞാൻ ഇത് നിർത്തി തിരിച്ചുപോകേണ്ട അവസ്ഥയിലാണ്. എനിക്ക് നഷ്ടപ്പെട്ട 35 ലക്ഷം ഞാൻ അവിടെ പണിയെടുത്ത് തിരിച്ചുപിടിച്ചുകൊള്ളാം. ഞാൻ യൂറോപ്പ് പൗരത്വം സ്വീകരിച്ചോളാം. എനിക്ക് അത് ലഭിക്കും. എനിക്ക് എന്റെ യൂറോപ്യൻ പൗരത്വം കിട്ടുമ്പോൾ ഞാൻ തിരിച്ചു വന്ന് എന്റെ ക്യാൻസൽ ചെയ്ത ഇന്ത്യൻ പാസ്പോർട്ടിന്റെ പകുതി കേരളമുഖ്യമന്ത്രിയുടെ ഓഫീസിന്റെ മുൻപിലും പകുതി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മുൻപിലും ഞാൻ കത്തിക്കും. ഞാൻ ജനിച്ച നാട്ടിൽ എനിക്ക് ജീവിക്കാൻ പറ്റിയില്ലെങ്കിൽ ഇത്രയെങ്കിലും ഞാൻ പ്രതികരിക്കണ്ടേ. ഞാനും ഇന്ത്യയിൽ ജനിച്ചു വളർന്ന ഒരു പൗരനല്ലേ?"