05 December, 2022 01:02:47 PM
ദുർഗന്ധവും പൂപ്പലും പുഴുക്കട്ടകളുമായി 'കീര്‍ത്തി നിര്‍മ്മല്‍' അരി വിപണിയില്‍
കോട്ടയം: ഭക്ഷണപദാര്‍ത്ഥങ്ങളില്‍ മായം കലരുന്നത് നിത്യസംഭവമാകുന്നു. എന്നാല്‍ ഇത് ചൂണ്ടികാട്ടുന്ന പൊതുജനം കഴുതകളാകുന്ന സംഭവങ്ങളാണ് വിപണിയില്‍ പൊതുവെ കണ്ടുവരുന്നത്. തങ്ങളുടെ ഉത്പന്നങ്ങള്‍ അത് എന്ത് തന്നെയായാലും വന്‍വിലകൊടുത്ത് വാങ്ങി ഭക്ഷിച്ചോണം എന്ന മനോഭാവമാണ് ഭക്ഷ്യനിര്‍മ്മാണ കമ്പനികള്‍ക്കിപ്പോള്‍.
കഴിഞ്ഞ ദിവസം ഏറ്റുമാനൂരിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ അരി പായ്ക്കറ്റ് തുറന്നതേ വീട് മുഴുവന്‍ ദുര്‍ഗന്ധം പരന്ന അനുഭവമാണ് ഏറ്റുമാനൂര്‍ സ്വദേശിയായ സുനില്‍ പങ്കുവെക്കുന്നത്. പായ്ക്കറ്റില്‍നിന്നും പാത്രത്തിലേക്കിട്ട അരിയാകട്ടെ പൂപ്പല്‍ ബാധിച്ച് വലിയ പുഴുക്കട്ടകളോടുകൂടിയതും. ഇത്തരത്തില്‍ ഭക്ഷണയോഗ്യമല്ലാത്ത 'കീര്‍ത്തി നിര്‍മ്മല്‍' എന്ന പേരിലുള്ള മട്ട വടി അരി വിപണിയില്‍ എത്തിച്ചതാകട്ടെ കാലടി മറ്റൂരില്‍ പ്രവര്‍ത്തിക്കുന്ന കീര്‍ത്തി അഗ്രോമില്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവും.
2022 നവംബറില്‍ പായ്ക്ക് ചെയ്തുവെന്നാണ് അരിയുടെ പായ്ക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ച് കിലോയ്ക്ക് 407 രൂപ ഈടാക്കിയ അരി ആറ് മാസം വരെ ഉപയോഗിക്കാം എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് അന്വേഷിച്ച ഉപഭോക്താവിനോട് വെള്ളം വീണ് കേടായതായിരിക്കാം എന്ന മറുപടിയാണ് സ്ഥാപനത്തിന്‍റെ പ്രതിനിധികള്‍ നല്‍കിയത്. കേടാവാതെ അരി ഉപഭോക്താവിന് എത്തിച്ചുകൊടുക്കേണ്ടത് സ്ഥാപനത്തിന്‍റെ കടമയല്ലേ എന്ന ചോദ്യത്തിന് വ്യക്തമായ ഒരു മറുപടി നല്‍കാന്‍ ഇവര്‍ തയ്യാറാകുന്നുമില്ല.
ഇതിനിടെ ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ നടപടികളില്‍ നിന്ന് രക്ഷപെടാന്‍ ഇതേ ബാച്ചിലുള്ള അരി മാര്‍ക്കറ്റില്‍നിന്ന് പിന്‍വലിക്കാനുള്ള ശ്രമം കമ്പനിയുടെ ഭാഗത്തുനിന്നും തുടങ്ങിയെന്നാണ് ബന്ധപ്പെട്ട ജീവനക്കാരില്‍നിന്നും അറിയാനായത്.