17 November, 2022 06:26:01 PM


വാഴൂരിൽ വനിതാമിത്രം പദ്ധതിക്ക് തുടക്കം; 710 കുടുംബശ്രീ വനിതകൾക്കായി 9.94 ലക്ഷം രൂപയുടെ പദ്ധതി



കോട്ടയം: കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനും വാഴൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന വനിതാമിത്രം പദ്ധതി മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. വാഴൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷനായി. കെ.എസ്.പി.ഡി.സി. എം.ഡി. ഡോ. പി. സെൽവകുമാർ റിപ്പോർട്ടവതരിപ്പിച്ചു. കെ.എസ്.പി.ഡി.സി. ചെയർമാൻ പി. കെ. മൂർത്തി മുഖ്യപ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്തിലെ 710 കുടുംബശ്രീ വനിതകൾക്ക് 10 വീതം കോഴിയും മൂന്നു കിലോ വീതം തീറ്റയും മരുന്നും വിതരണം ചെയ്യുന്നതാണ് പദ്ധതി. ഒരു യൂണിറ്റിന് 1400 രൂപയാണ് ചെലവ്. 250 രൂപയാണ് ഗുണഭോക്തൃവിഹിതം. വനിതാ ശാക്തീകരണം മുൻനിർത്തിയുള്ള പദ്ധതിക്ക് 9,94,000 രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. 

വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ടി.എൻ. ഗിരീഷ്‌കുമാർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് രഞ്ജിനി ബേബി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനായ പി.എം. ജോൺ, വാഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ, സ്ഥിരംസമിതി അധ്യക്ഷരായ ജിജി ജോസഫ് നടുവത്താനി, ശ്രീകാന്ത് പി. തങ്കച്ചൻ, ബ്ലോക്ക് പഞ്ചായത്തംഗം ഗീത എസ്. പിള്ള, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുബിൻ നെടുംപുറം, തോമസ് വെട്ടുവേലിൽ, ഡെൽമാ ജോർജ്, ഷാനിദാ അഷ്റഫ്, എസ്. അജിത് കുമാർ, ജിബി വർഗീസ് പൊടിപാറ, പി.ജെ. ശോശാമ്മ, വാഴൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗീതാ മേരി മാമ്മൻ, സി.ഡി.എസ്. ചെയർപെഴ്സൺ സ്മിത ബിജു, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, എന്നിവർ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K