14 November, 2022 11:20:39 AM
മാലിന്യകൂമ്പാരത്തിനരികിൽ മൊബൈൽ കൂമ്പാരം: പോലീസ് മേധാവി റിപ്പോർട്ട് തേടി
കോട്ടയം: ഫോൺ നഷ്ടപ്പെട്ടത് അന്വേഷിക്കാൻ പോലീസ് അലംഭാവം കാണിച്ചതോടെ ഉടമ തന്നെ നേരിട്ടിറങ്ങി. ഫോൺ കണ്ടെത്തിയതോടെ പോലീസ്
മോഷ്ടാവിനെ പിടിക്കാനുള്ള പരക്കംപാച്ചിലും തുടങ്ങി. ഇതിനിടെ മൊബൈൽ ഫോൺ കണ്ടെത്തിയ മാലിന്യകൂമ്പാരത്തിനരികിൽ കൂടുതൽ ഫോണുകൾ കണ്ടെത്തിയതോടെ ദുരൂഹതയും ഏറി.
നാഗമ്പടം പനയക്കഴിപ്പ് തലവനാട്ടില്ലത്ത് ഗോവിന്ദിന്റെ വീട്ടിൽ നിന്നു മോഷണം പോയ ഫോൺ ഗോവിന്ദും സുഹൃത്തുക്കളും ചേർന്നു കുറിച്ചിയിൽ നിന്നു കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. സൈബർ സെല്ലിന്റെയും പൊലീസിന്റെയും സഹായം ലഭിക്കാതായതോടെയാണ് സ്വന്തം നിലയിൽ ഇവർ അന്വേഷിച്ചു കണ്ടെത്തിയത്.
ഗൂഗിളിൽ സെർച്ച് ചെയ്താൽ ലഭിക്കുന്ന ഫൈൻഡ് മൈ ഡിവൈസ് സേവനം ഉപയോഗിച്ചാണ് ഇവർ ഫോണിരിക്കുന്ന ലൊക്കേഷൻ കോട്ടയത്തു നിന്നു 13 കിലോമീറ്റർ അകലെ കുറിച്ചിയിലാണെന്നു മനസ്സിലാക്കിയത്. വിജനമായ സ്ഥലത്തു മറ്റ് 6 ഫോണുകൾ കൂടി ഇപ്പോൾ കണ്ടതോടെ സംഭവത്തിൽ ദുരൂഹത വർധിച്ചു. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് സ്പെഷൽ ബ്രാഞ്ചിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
കുറിച്ചി ഔട്പോസ്റ്റ് ജംഗ്ഷനിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞു പഴയ എംസി റോഡിലൂടെ കുറച്ചുദൂരം മുന്നോട്ടു പോകുമ്പോൾ ലയൺസ് ക്ലബ് കമ്യൂണിറ്റി ഹാളിന് എതിർവശത്താണു കാടുപിടിച്ചു കിടക്കുന്ന സ്ഥലത്താണ് ഫോൺ കിടന്നിരുന്നത്.
ഇവിടേക്ക് ഇന്നലെ വീണ്ടും ഗോവിന്ദും സംഘവും എത്തി. ഫോൺ കണ്ടെടുത്ത വിധം എങ്ങനെയെന്ന് അവർ വിശദീകരിച്ചു. ഫോൺ കണ്ടെടുത്ത ദിവസം രാത്രി 7.30നാണ് കുറിച്ചിയിലെത്തിയത്. കാട്ടിലേക്കു കയറുന്ന ഭാഗത്തെല്ലാം മാലിന്യം തള്ളിയിരിക്കുകയാണ്. മാലിന്യമല ചാടിക്കടന്നാണ് ഫോണിരുന്ന സ്ഥലത്തെത്തിയത്.
കലക്ടറേറ്റിനു സമീപം പുത്തൻപുരയ്ക്കൽ ഹൗസിൽ അഖിൽ ജോർജ്, എസ്എച്ച് മൗണ്ട് ഇന്ദു നിവാസിൽ അതുൽ രാജേഷ്, മര്യാതുരുത്ത് പറമ്പത്ത് ഹൗസിൽ അമൽസാം വർഗീസ്, കുമ്മനം കുന്നുംപുറത്ത് വീട്ടിൽ നെവിൻ ടി. സഖറിയ എന്നിവരാണ് ഗോവിന്ദിനെ കൂടാതെ ഫോൺ കണ്ടെത്താനുള്ള സംഘത്തിലുണ്ടായിരുന്ന സുഹൃത്തുക്കൾ.