11 November, 2022 05:26:46 PM


ഏറ്റുമാനൂരിന് വീണ്ടും നിരാശ: പുതിയ ട്രയിനുകകളില്‍ ഒന്നിനുപോലും സ്റ്റോപ്പില്ല

അധികൃതരുടെ കണ്ണ് തുറക്കാൻ സർവ്വകക്ഷി യോഗം നാളെ



ഏറ്റുമാനൂര്‍: ഇരട്ട പാതയും അനുബന്ധജോലികളും പൂർത്തിയായെങ്കിലും ഏറ്റുമാനൂർ റയില്‍വേ സ്റ്റേഷനെ ആശ്രയിക്കുന്നവരുടെ ദുരിതത്തിന്  ഇതുവരെ യാതൊരു പരിഹാരവുമായില്ല. സ്റ്റോപ്പുകൾ അനുവദിക്കുന്നതിന് തടസ്സമായ ലൂപ് ലൈൻ കയറുന്നതിലുള്ള സമയനഷ്ടം പോലുമില്ലാത്ത, ഐലൻഡ് പ്ലാറ്റ് ഫോമുകളടക്കം ഏറ്റവും ആധുനിക രീതിയിൽ പൂർത്തീകരിച്ച റെയിൽവേ സ്റ്റേഷനിൽ സമീപ സ്റ്റേഷനുകളെ അപേക്ഷിച്ച് പുതുതായി അനുവദിച്ച ഒരു എക്സ്പ്രസ്സ്‌ ട്രെയിനുപോലും സ്റ്റോപ്പ്‌ നേടാൻ  കഴിഞ്ഞിട്ടില്ല.

2017 ഏപ്രിലിൽ ആരംഭിച്ച പാലരുവിയ്ക്ക് ഏറ്റുമാനൂരിൽ മാത്രം സ്റ്റോപ്പ്‌ നിഷേധിക്കപ്പെടുന്നതും അവഗണനയുടെ പ്രതീകമാണ്. ഏറ്റുമാനൂരിന്റെ അത്രയും യാത്രക്കാരും മറ്റു സൗകര്യവുമില്ലാത്ത  ലൂപ്പ് ലൈനുകളോട് കൂടിയ ചെറുസ്റ്റേഷനുകളിൽ പോലും പാലരുവി നിർത്തുമ്പോൾ  ഇരട്ട പാതയോട് അനുബന്ധിച്ച് ഉദ്ഘാടനം ചെയ്ത മെമുവിന് സ്റ്റോപ്പ് പരിഗണിച്ചപ്പോളും ഏറ്റുമാനൂരിനെ തഴയപ്പെട്ടു.

1956 ൽ നിലവിൽ വന്ന സ്റ്റേഷനിപ്പോൾ കടുത്ത അവഗണനയുടെ വക്കിലാണെന്നാരോപിച്ചാണ് നാളെ മൂന്ന് മണിക്ക് സേവ് ഏറ്റുമാനൂർ വെൽഫെയർ ഫോറത്തിൻ്റെ നേതൃത്വത്തിൽ നന്ദാവനം ഓഡിറ്റോറിയത്തിൽ സർവ്വകക്ഷി യോഗം സംഘടിപ്പിച്ചിരിക്കുന്നത്.

യാത്രക്കാരുടെ ആക്ഷേപങ്ങളും, ആവശ്യങ്ങളും ഇങ്ങനെ

പുലർച്ചെ 06.37 ന് ഏറ്റുമാനൂരിൽ എത്തിച്ചേരുന്ന കൊല്ലം - എറണാകുളം മെമു കടന്നുപോയാൽ രണ്ടുമണിക്കൂറിന് ശേഷം 08 37 നുള്ള വേണാട് മാത്രമാണ് യാത്രക്കാരുടെ ഏക ആശ്രയം. പതിവായി 09.00 ന് ശേഷം വൈകിയെത്തുന്ന വേണാടിൽ എറണാകുളമെത്തുമ്പോൾ ഓഫീസ് സമയം അതിക്രമിച്ചിരിക്കും. പുലർച്ചെ ബസ് സർവീസുകൾ ആരംഭിക്കുന്നതിന് മുമ്പേ മെമു ഏറ്റുമാനൂരിലൂടെ കടന്നുപോകുന്നതിനാൽ സ്ത്രീകളുടെയും വിദ്യാർത്ഥികളുടെയും അവസ്ഥ വളരെ ദയനീയമാണ്. 07.20 ന് ഏറ്റുമാനൂരിലൂടെ കടന്നുപോകുന്ന പാലരുവിയ്ക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ചാൽ സ്ത്രീകളടക്കം നിരവധി യാത്രക്കാർക്ക് അത് ഏറെ അനുഗ്രഹമായി മാറും.   

കൊല്ലത്തിനും എറണാകുളത്തിനും ഇടയിൽ ഹാൾട്ട് സ്റ്റേഷനിലൊഴികെ ഏറ്റുമാനൂരിൽ മാത്രമാണ് പാലരുവിയ്ക്ക് സ്റ്റോപ്പ്‌ ഇല്ലാത്തത്. ഈ ട്രെയിനിൽ സമീപ സ്റ്റേഷനുകളായ കോട്ടയം,  കുറുപ്പന്തറ, വൈക്കം സ്റ്റേഷനുകളിൽ നിന്നും ഇപ്പോൾ യാത്ര ചെയ്യുന്നവരിൽ നല്ല ശതമാനം ഏറ്റുമാനൂർ സമീപപ്രദേശങ്ങളിൽ നിന്നുള്ളവരാണ്.

പുലർച്ചെ കോട്ടയം സ്റ്റേഷനിൽ നിന്നും തിരുവനന്തപുരം ഭാഗത്തേയ്ക്ക് യാത്ര ചെയ്യുന്നവരിൽ ഏറിയ പങ്കും പാലാ, പേട്ട, പൂഞ്ഞാർ, തൊടുപുഴ, കുറുപ്പന്തറ, കുറവിലങ്ങാട്, കൂത്താട്ടുകുളം അടക്കമുള്ള സ്ഥലങ്ങളിൽ നിന്നും ഏറ്റുമാനൂർ സ്റ്റേഷനെ കടന്നെത്തുന്നവരാണ്. പുലർച്ചെ നാല് മണിയ്ക്ക് ശേഷം തിരുവനന്തപുരം ഭാഗത്തേയ്ക്ക് നിരവധി ട്രെയിനുകൾ ഏറ്റുമാനൂരിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും ഒരു ട്രെയിന് പോലും സ്റ്റോപ്പ്‌ അനുവദിച്ചിട്ടില്ല. വഞ്ചിനാടിന് മാത്രം സ്റ്റോപ്പ്‌ അനുവദിച്ചാൽ ഈ പ്രശ്നത്തിന് ഏറെക്കുറെ പരിഹാരമാകും.

എറണാകുളത്ത് നിന്നും രാവിലെ 08.45 ന് പുറപ്പെടുന്ന 16309 മെമു എം.ജി യൂണിവേഴ്‌സിറ്റി ജീവനക്കാർക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. എന്നാൽ ഏറ്റുമാനൂരിൽ സ്റ്റോപ്പ്‌ ഇല്ലാത്തതിനാൽ ആർക്കും ഇതിന്‍റെ പ്രയോജനം ലഭിക്കുന്നില്ല. മെഡിക്കൽ കോളേജ്, ഐ സി എച്ച്, ഐ ടി ഐ, എം.ജി സർവ്വകലാശാല, കുടുംബ കോടതി അടക്കമുള്ള സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളോടും ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് അടക്കമുള്ള നിരവധി തൊഴിൽ മേഖലകളോടും, ജില്ലയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളായ അതിരമ്പുഴയോടും ഏറ്റുമാനൂർ മാർക്കറ്റിനോടും അടുത്തുള്ള ഏറ്റുമാനൂരില്‍ എറണാകുളം - കായംകുളം മെമുവിന് സ്റ്റോപ്പ്‌ അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നു.  

ശബരിമലയുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂരിൽ മണ്ഡലകാലത്തിന് മുമ്പ് ഈ ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ പരിഗണിച്ചാൽ നിരവധി യാത്രക്കാർക്ക് ഉപകാരപ്പെടുന്നതാണ്. ശബരിമല സ്പെഷ്യൽ ട്രെയിനുകൾക്ക് കൂടി ഏറ്റുമാനൂരിൽ സ്റ്റോപ്പ്‌ പരിഗണിച്ചാൽ കോട്ടയം ടൗണിലെ ഗതാഗതക്കുരുക്കുകൾ ഒഴിവാക്കി  പാലാ, പൊൻകുന്നം എരുമേലി മാർഗ്ഗമോ  മണർകാട്, പാമ്പാടി  മുഖേനയോ അയ്യപ്പന്മാർക്ക് തടസ്സങ്ങളില്ലാതെ വളരെ വേഗം സന്നിധാനത്ത് എത്തിച്ചേരാൻ സാധിക്കും 

വേളാങ്കണ്ണി തീർത്ഥാടനം നടത്തുന്നവരില്‍ അതിരമ്പുഴ, പാലാ, രാമപുരം, ഭരണങ്ങാനം, മണർകാട്, കുറവിലങ്ങാട് എന്നിവിടങ്ങളിൽ നിന്നുള്ളവര്‍ വളരെയേറെയാണ്.  കൊല്ലം ചെങ്കോട്ട വഴി സർവീസ് നടത്തുന്ന 06035/36 എറണാകുളം - വേളാങ്കണ്ണി എക്സ്പ്രസ്സിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ്‌ അനുവദിച്ചാൽ വളരെയേറെ യാത്രക്കാർക്ക് ഉപകാരപ്രദമാകും. അതുപോലെ രാവിലെ 07.00 മണിയ്ക്ക് എറണാകുളത്ത് എത്തിച്ചേരുന്ന 16187 കാരയ്ക്കൽ- എറണാകുളം എക്സ്പ്രസ്സിന്‍റെ റേക്കുകൾ ഉപയോഗിച്ചാണ് 07.45 ന് എറണാകുളം - കോട്ടയം പാസഞ്ചർ സർവീസ് നടത്തുന്നത്. തിരിച്ച് വൈകുന്നേരം 05.20 ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് എറണാകുളമെത്തി 16188 കാരയ്ക്കൽ എക്സ്പ്രസ്സായി രാത്രിയിൽ എറണാകുളം ജംഗ്ഷനിൽ നിന്ന് സർവീസ് തുടരുന്ന ഈ ട്രെയിൻ കോട്ടയം വരെ ദീർഘിപ്പിച്ച് ഒറ്റ സർവീസ് ആക്കണമെന്നതും യാത്രക്കാരുടെ ആവശ്യമാണ്‌. ഈ ട്രെയിനിൽ വേളാങ്കണ്ണി തീർത്ഥാടനം നടത്തുന്നവരിൽ സിംഹഭാഗവും കോട്ടയം ജില്ലയിൽ നിന്നുള്ളവരാണ്.  

കണ്ണൂർ - എറണാകുളം ഇന്‍റർസിറ്റി കോട്ടയത്തേയ്‌ക്ക് നീട്ടിയാൽ കോട്ടയം ജില്ലയില്‍നിന്നും കിഴക്കന്‍ പ്രദേശങ്ങളില്‍നിന്നും മലബാറിലെത്തിയവരുടെ നാട്ടിലേക്കുള്ള യാത്രാക്ലേശത്തിന് കൂടി പരിഹരമാകുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. 1 A പ്ലാറ്റ് ഫോം അടക്കം ഗതാഗത യോഗ്യമായ 7 പ്ലാറ്റ് ഫോമുകളുള്ള കോട്ടയത്ത് നിന്ന് കൂടുതൽ ബഹുദൂര ട്രെയിനുകൾ ട്രെയിനുകൾ ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്. കേവലം മൂന്ന് പ്ലാറ്റ് ഫോം മാത്രമുള്ള  മറ്റു ജില്ലാ കേന്ദ്രങ്ങളിൽ നിന്നും  അന്യസംസ്ഥാനങ്ങളിലേയ്ക്ക്  സർവീസ് ഉണ്ടെന്ന വസ്തുത ജില്ലയുടെ വികസനമുരടിപ്പിന് അടിവരയിടുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K