09 November, 2022 01:52:23 PM


ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം ഉപദേശകസമിതി: തിരഞ്ഞെടുപ്പ് നടത്താന്‍ കോടതി ഉത്തരവ്



കൊച്ചി: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം ഉപദേശകസമിതിയിലേക്ക് നിയമാനുസൃതം തിരഞ്ഞെടുപ്പ് നടത്താന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുവാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. തിരഞ്ഞെടുപ്പിലൂടെ പുതിയ കമ്മറ്റി അധികാരമേല്‍ക്കുംവരെ നിലവിലുള്ള ഉപദേശകസമിതിയ്ക്ക് തുടരാം.


പതിനൊന്ന് വര്‍ഷമായി തുടരുന്ന നിലവിലെ ഉപദേശകസമിതിയ്ക്കെതിരെ ഒട്ടേറെ പരാതികള്‍ കോടതിയിലെത്തിയിരുന്നു. അടുത്തിടെ ഉണ്ടായ വിജിലന്‍സ് അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ ഉപദേശകസമിതിക്കെതിരെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്ന ആരോപണങ്ങള്‍ നിഷേധിച്ച് ഉപദേശകസമിതിയും കോടതിയെ സമീപിച്ചിരുന്നു.  ഇത് പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.


അതേസമയം ഉപദേശകസമിതി പിരിച്ചുവിട്ടെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പുതിയ കമ്മറ്റി അധികാരമേല്‍ക്കുമ്പോള്‍ സ്വാഭാവികമായും പഴയ കമ്മറ്റി ഇല്ലാതാകുമെന്നും ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ അഡ്വ ബിജു ഗോപാല്‍ പറഞ്ഞു. നിയമാനുസൃതം തെരഞ്ഞെടുപ്പ് നടത്താനുള്ള ഉത്തരവിനെ ഉപദേശകസമിതി സ്വാഗതം ചെയ്യുന്നതായി നിലവിലെ സെക്രട്ടറി കെ.എന്‍.ശ്രീകുമാര്‍ അറിയിച്ചു. പുതിയ തിരഞ്ഞെടുപ്പ് രഹസ്യബാലറ്റിലൂടെ ആയിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K