31 October, 2022 09:43:20 PM
ലഹരിക്കെതിരെ നാടിനു 'കവച'മൊരുക്കി 'യുവശക്തി'
ഏറ്റുമാനൂർ: വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം ജനങ്ങളുടെ സ്വസ്ഥമായ ജീവിതത്തെ തകർക്കുമ്പോൾ നാടിനു സ്വയം കവചമൊരുക്കാൻ വാറ്റുപുര യുവശക്തി ആർട്സ് & സ്പോർട്സ് ക്ലബ് 'കവചം' എന്ന പേരിൽ ബോധവത്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. പരിപാടികളുടെ ആദ്യപടിയായി ലഹരിവിരുദ്ധ ഏകദിന സെമിനാർ നടത്തപ്പെട്ടു. ലഹരിവസ്തുക്കളെ ആരംഭത്തിലേ തിരിച്ചറിയണമെന്നും അതിൽ നിന്നും അകലം പാലിക്കാനുള്ള പ്രവർത്തനങ്ങൾ കുടുംബത്തിൽ നിന്നും തുടങ്ങണമെന്നും സെമിനാർ ആവശ്യപ്പെട്ടു.
ക്ലബ് വൈസ് പ്രസിഡന്റ് രതീഷ് എസ്. അധ്യക്ഷത വഹിച്ചു. കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സദാശിവൻ സെമിനാർ ഉദ്ഘാടനം ചെയ്തു. അറിയുവാനുണ്ടേറെ എന്ന വിഷയത്തിൽ കുറവിലങ്ങാട് സിവിൽ എക്സൈസ് ഓഫീസർ എ.എസ് ദീപേഷ് ക്ലാസ്സ് നയിച്ചു. കേരളത്തിൽ പ്രൈമറി സ്കൂൾ തലം മുതൽ ലഹരിയുടെ ഉപയോഗം കുട്ടികളിൽ കണ്ടു വരുന്നെന്നും അതു തടയുന്നതിൽ മാതാപിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചു. കുട്ടികളെയും കുടുംബത്തെയും സ്നേഹിക്കുന്നവരായി മാതാപിതാക്കൾ മാറണം. സ്നേഹത്തിൽ അധിഷ്ഠിതമായ കുടുംബം ഉണ്ടാകുക എന്നതാണ് ലഹരിക്കെതിരെയുള്ള ഫലപ്രദമായ പ്രതിവിധിയെന്ന് കൂട്ടിചേർത്തു.
കാണക്കാരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഷിബു ആശംസകൾ അർപ്പിച്ചു. ലഹരിക്കെതിരെ ഒരുമിച്ചു പോരാടുമെന്ന് യോഗം പ്രതിജ്ഞയെടുത്തു. കാണക്കാരി പഞ്ചായത്തംഗം അംബിക സുകുമാരൻ പ്രതിജ്ഞവാചകം ചൊല്ലികൊടുത്തു. ക്ലബ് പ്രസിഡന്റ് കെ. ജെ. വിനോദ് സ്വാഗതവും സാബു പി. ഡി. നന്ദിയും പറഞ്ഞു. ക്ലബ് സെക്രട്ടറി പോൾ ജോസഫ്, ഖജാൻജി മനു കെ., കമ്മറ്റി അംഗങ്ങളായ ശശി എൻ. ഡി, സജീവ് സി. ജി, ആൽബിൻ, ലിവിൻ, ജോമേഷ്, ലൈസൺ, ധനീഷ്, അനീഷ്, ലിജിൻ, ജോഫിൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.